ഫിഫാ ലോക കപ്പ് സമ്മർദ രാഷ്ട്രീയത്തിനുള്ള വേദിയാക്കരുത്; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
World
ഫിഫാ ലോക കപ്പ് സമ്മർദ രാഷ്ട്രീയത്തിനുള്ള വേദിയാക്കരുത്; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
മുഹമ്മദ് നബീല്‍
Friday, 15th May 2026, 11:36 am

ടെഹ്‌റാൻ: 2026 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഏതെങ്കിലും ദേശീയ ടീമിനെതിരെയുള്ള രാഷ്ട്രീയ സമ്മർദത്തിനോ വിവേചനപരമായ പെരുമാറ്റത്തിനോ ഉള്ള ആയുധമായി മാറരുതെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്.

ഫിഫയുടെ യോഗ്യത നേടിയ എല്ലാ ടീമുകൾക്കും തുല്യവും മാന്യവും വിവേചനരഹിതവുമായ പങ്കാളിത്തം ഉറപ്പാക്കാൻ ആതിഥേയ രാജ്യത്തിന് വ്യക്തമായ ബാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി എക്‌സിൽ പ്രതികരിച്ചു.

‘വിസ, താമസം, യാത്ര, ഔദ്യോഗിക പ്രതിനിധികളുടെ സാന്നിധ്യം, മത്സര ക്രമീകരണങ്ങൾ എന്നിവയൊന്നും ഒരു ദേശീയ ടീമിനെതിരെ രാഷ്ട്രീയ സമ്മർദം ചെലുത്തുന്നതിനോ വിവേചനപരമായ രീതിയിൽ പെരുമാറുന്നതിനോ ഉള്ള ഉപകരണങ്ങളാക്കി മാറ്റരുത്,’ ഗരീബാബാദി പറഞ്ഞു.

ഇറാനെതിരായുള്ള അമേരിക്കയുടെയും ഇസ്രഈലിന്റെയും യുദ്ധത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സഹമന്ത്രിയുടെ പ്രതികരണം. അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ വിസ വൈകുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക തടസങ്ങളും പ്രതിനിധി സംഘത്തിന്റെ എണ്ണത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ഇറാൻ മുൻപും നേരിട്ടിട്ടുണ്ട്.

‘കളിക്കാർ, പരിശീലകർ, ഫെഡറേഷൻ ഭാരവാഹികൾ അല്ലെങ്കിൽ ഇറാൻ പ്രതിനിധി സംഘത്തിലെ മറ്റ് പ്രധാന അംഗങ്ങൾ എന്നിവരുടെ പ്രവേശനത്തിന് തടസം നിൽക്കുന്നത് ആഗോള മത്സരങ്ങളുടെ ലക്ഷ്യത്തിനും അന്തസിനും വിരുദ്ധമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യങ്ങൾക്കോ വ്യക്തികൾക്കോ എതിരെ വിവേചനം കാണിക്കുന്നത് ഫിഫാ ചട്ടം നിരോധിക്കുന്നുണ്ടെന്നും ഇറാൻ സഹമന്ത്രി ചൂണ്ടിക്കാട്ടി.

‘ഫുട്ബോൾ ലോക കപ്പ് മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരു ദേശീയ ടീമിൻ്റെ അവകാശത്തെ ഹനിക്കുന്ന തരത്തിൽ ആതിഥേയ രാജ്യം തങ്ങളുടെ രാഷ്ട്രീയ തർക്കങ്ങളോ ഉപരോധങ്ങളോ ഏകപക്ഷീയമായ ആഭ്യന്തര തീരുമാനങ്ങളോ അടിച്ചേൽപ്പിക്കാൻ പാടില്ല,’ ഗരീബാബാദി പറഞ്ഞു. ഫിഫയ്ക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂർണമെന്റുകൾ കായിക മത്സരങ്ങൾക്കുള്ള വേദിയാനെന്നും സമ്മർദ രാഷ്ട്രീയത്തിന്റെ വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന ഈ വർഷത്തെ ലോക ഫുട്ബോൾ മാമാങ്കത്തിന്കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.

Content Highlight: Iran warns US not to use FIFA World Cup as a platform for pressure politics

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം