ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ
Iran America Tensions
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ
മുഹമ്മദ് നബീല്‍
Tuesday, 3rd March 2026, 10:07 am

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നൽകി ഇറാൻ റവലൂഷനറി ഗാർഡ്.

അമേരിക്കക്കാർ ഈ മേഖലയിലെ എണ്ണയെയാണ് ആശ്രയിക്കുന്നതെന്നും ഒരു തുള്ളി എണ്ണ പോലും അവരുടെ അടുത്തേക്ക് എത്തില്ലെന്ന് അവർ അറിയണമെന്നും ഇറാൻ റവലൂഷനറി ഗാർഡ് തലവൻ ഇബ്രാഹിം ജബരി സ്റ്റേറ്റ് മീഡിയയിൽ പ്രതികരിച്ചു.

‘ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ആരെങ്കിലും കടലിടുക്കിലൂടെ പോകാൻ ശ്രമിച്ചാൽ ഇറാൻ റവലൂഷനറി ഗാർഡും നാവിക പടയും കപ്പലുകൾക്ക് തീയിടും,’ ഇബ്രാഹിം ജബരി പറഞ്ഞു.

‘ഞങ്ങൾ എണ്ണ പൈപ്പ്‌ലൈനുകളെയും ആക്രമിക്കും, ഒരു തുള്ളി എണ്ണ പോലും ഈ മേഖല വിട്ടുപോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അറബിക്കടലിനെയും പ്രധാന പെട്രോളിയം ഉൽപാദകരായ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കപ്പൽ പാതയാണ് ഹോർമുസ്.

ഇറാൻ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രഈലും അമേരിക്കയും ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കടലിടുക്ക് അടച്ചത്.

ലോകത്തിലെ ദൈനംദിന എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20% കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ് അതിനാൽ കപ്പൽ പാത അടച്ചിട്ട് സമ്മർദം ചെലുത്താമെന്ന പ്രതീക്ഷയിലാണ് ഇറാൻ.

കടലിടുക്ക് അടച്ചിട്ടതോടെ ഇന്നലെത്തന്നെ ഇന്ധനവില വർധിച്ചിട്ടുണ്ട്. യു.എസ് ഇറാൻ സംഘർഷം ഇന്ധന വിലയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഏറ്റവും വലിയ ആഘാതം പ്രകൃതിവാതക വിലയിലാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാന വിതരണക്കാരായ ഖത്തർ എനർജി, എൽ.എൻ.ജി എന്നിവ ആക്രമിക്കപെട്ടതോടെ യൂറോപ്പിൽ ഏകദേശം 50 ശതമാനവും ഏഷ്യയിൽ 40 ശതമാനവും വില ഉയർന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

Content Highlight: Iran warns ship trying to pass through Strait of Hormus

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം