'രണ്ട് മണിക്കൂര്‍ യുദ്ധം നടക്കില്ല'; ഏത് ആക്രമണത്തിനും തല്‍ക്ഷണം തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
World
'രണ്ട് മണിക്കൂര്‍ യുദ്ധം നടക്കില്ല'; ഏത് ആക്രമണത്തിനും തല്‍ക്ഷണം തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
യെലന കെ.വി
Friday, 30th January 2026, 8:06 pm

ടെഹ്റാന്‍: തങ്ങളുടെ രാജ്യത്തിന് നേരെ ഹ ചെറിയ നീക്കത്തിനും തത്സമയം അതിശക്തമായ മറുപടി നല്‍കുമെന്ന് അമേരിക്കയ്ക്കും ഇസ്രഈല്‍ ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്.

ഇനി ഒരു ‘രണ്ടു മണിക്കൂര്‍ യുദ്ധം’ എന്ന അമേരിക്കന്‍ സങ്കല്പം നടക്കില്ലെന്നും, ശത്രുവിന്റെ ഏത് തെറ്റായ കണക്കുകൂട്ടലിനും ഉടന്‍ തന്നെ തിരിച്ചടി ലഭിക്കുമെന്നും ഇറാന്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ പറഞ്ഞു.

‘ടു ദ ഹൊറൈസണ്‍ ഓഫ് പാലസ്തീന്‍’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇറാന്റെ നിലപാട് അറിയിച്ചത്. കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധം ഇറാന്റെ സൈനിക നയങ്ങളില്‍ വലിയ മാറ്റം വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ശത്രുവിന് സമയം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന പാഠമാണ് ആ യുദ്ധം നല്‍കിയത്.

പുതിയ നിര്‍ദേശപ്രകാരം ഇറാന്‍ സൈന്യം അതീവ ജാഗ്രതയിലാണെന്നും ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മിന്നല്‍ ആക്രമണത്തിലൂടെ രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിച്ച് ഭരണകൂടത്തെ തകര്‍ക്കാന്‍ ആയിരുന്നു അമേരിക്കയുടെയും ഇസ്രഈ.ലി ന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ ഇത് പാടേ പിഴച്ചതായി അക്രാമിനിയ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തെ കൂടുതല്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്.

ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തെ ‘പ്രവചനാതീതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഉത്തരവിടുകയും രണ്ട് മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചുവെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സൈനിക താവളങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍ എന്നിവയെല്ലാം ഇറാന്റെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിലാണെന്നും ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് മുന്നില്‍ ഇവ സുരക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12 ദിവസത്തെ യുദ്ധത്തില്‍ തകര്‍ന്ന പ്രതിരോധ സംവിധാനങ്ങളെല്ലാം പുനഃസ്ഥാപിച്ചതായും ഇറാന്‍ സൈന്യം മുമ്പത്തേക്കാള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Iran vows immediate retaliation to any US or Israeli aggression

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.