ടെഹ്‌റാൻ: ചില പ്രധാന വിഷയങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ കരാറിലേക്കടുക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി.
‘ഇതുവരെ അമേരിക്കയുമായി നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ദീഘമായതും പ്രധാനപ്പെട്ടതുമായ ചർച്ചയാണ് ഇന്ന് നടന്നത്, രാവിലെ ഏകദേശം നാലുമണിക്കൂറും ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കൂറും ചർച്ച നടന്നു,’ ജെനീവയിൽവച്ച് നടന്ന ചർച്ചകൾക്കുശേഷം മാധ്യമങ്ങളെക്കണ്ട അബ്ബാസ് അറാഗ്ചി പറഞ്ഞു.
ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിലായിരുന്നു ചർച്ചയെന്നും യു.എൻ ആണവ ഏജൻസി മേധാവി റാഫേൽ ഗ്രോസിയും ചർച്ചയിൽ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.
റാഫേൽ ഗ്രോസിയുടെ സാന്നിധ്യം സഹായകരമായെന്നും, മുൻ ചർച്ചകളിലേതുപോലെ ഒമാൻ വിദേശകാര്യ മന്ത്രിയും സജീവമായ പങ്ക് വഹിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘തീർച്ചയായും ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്, അത് സ്വാഭാവികമാണ് എന്നാൽ മുന്നേ നടന്ന ചർച്ചകളിൽനിന്നും വ്യത്യസ്തമായി പല നിർണായക കാര്യങ്ങളിലും ഞങ്ങൾ തീരുമാനത്തിലേക്കടുക്കുന്നുണ്ട്,’ അറാഗ്ചി കൂട്ടിച്ചേത്തു.
കരാറിൽ അടുത്തഘട്ട ചർച്ച വരും ആഴ്ചകളിൽത്തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘തങ്ങളുടെ പ്രതീക്ഷകൾ വ്യക്തമാക്കിയിട്ടുണ്ട്, എന്തെല്ലാം നടപടികൾ സ്വീകരിക്കണം, ഏതൊക്കെ യു.എസ് ഉപരോധങ്ങൾ പിൻവലിക്കണം, യു.എൻ സുരക്ഷാ കൗൺസിലിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ എന്തെല്ലാം നടപടികൾ പിന്തുടരേണം എന്നിവയിലെല്ലാം ഞങ്ങൾക്ക് വ്യക്തതയുണ്ട്,’ അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
‘അടുത്തഘട്ട ചർച്ചകൾക്കുമുമ്പ് ഇരു രാജ്യങ്ങൾക്കും ചില നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്, ചില രേഖകൾ തയ്യാറാക്കേണ്ടതുണ്ട്, തലസ്ഥാനവുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight:Iran says ‘good progress’ in U.S. talks, next round within a week