വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇയെ ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു നീക്കവും രാജ്യങ്ങള്‍ തമ്മിലുള്ള സമ്പൂര്‍ണ് യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ പുതിയ ഭരണനേതൃത്വം വരാന്‍ സമയമായെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ കര്‍ശന മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം അമേരിക്കന്‍ മാധ്യമമായ പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ നേതാവായ ഖാംനഇക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഖാംനഇ തന്റെ രാജ്യം ശരിയായി ഭരിക്കാനറിയാത്ത ഒരാളാണെന്നും അധികാരത്തില്‍ തുടരാനായി സ്വന്തം ജനങ്ങളെ കൊന്നൊടുക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പെസെഷ്‌കിയാന്‍ പ്രതികരിച്ചത്. ഇറാന്‍ ജനതയുടെ അഭിമാനമായ പരമോന്നത നേതാവിനെതിരെയുള്ള ഏത് ആക്രമണവും രാജ്യത്തിനെതിരായ നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തകര്‍ച്ചയ്ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണം അമേരിക്ക ഏര്‍പ്പെടുത്തിയ ക്രൂരമായ ഉപരോധങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാനില്‍ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിലും സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളിലും ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലും അമേരിക്കയുമാണെന്നാണ് ഖാംനഇയുടെ ആരോപണം.