| Wednesday, 10th June 2026, 9:10 am

തിരിച്ചടിച്ച് ഇറാന്‍; ബഹ്‌റൈനിലും ജോര്‍ദാനിലും യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ബഹ്‌റൈനിലെ യു.എസ് അഞ്ചാം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണവും ജോര്‍ദാനിലെ വ്യോമത്താവളത്തില്‍ മിസൈല്‍ ആക്രമണവും നടത്തിയതായി ഐ.ആര്‍.ജി.സി അറിയിച്ചു.

ഇറാന്റെ ദേശീയ മാധ്യമങ്ങളാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

തങ്ങള്‍ക്ക് നേരെയുണ്ടായ നാവികസേനാ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയെന്നതായിരുന്നു ഐ.ആര്‍.ജിസിയുടെ പ്രതികരണം. മേഖലയിലുടനീളമുള്ള അമേരിക്കന്‍, വ്യോമ, നാവിക താവളങ്ങളിലെ 21 കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഐ.ആര്‍.ജി.സി കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ആക്രമണം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ വിപുലവും ശക്തവുമായ പ്രതികാര നടപടികള്‍ ഉണ്ടാവുമെന്നും ഇറാന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഒമാന്‍ തീരത്തുള്ള യു.എസ് ഹെലിക്കോപ്പര്‍ തകര്‍ത്തത് ഇറാനാണെന്നാരോപിച്ച് ഇറാന്‍ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം.

പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇറാനെതിരായ ആക്രമണമെന്നായിരുന്നു യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വാദം. എന്നാല്‍ അമേരിക്കന്‍ ആക്രമണത്തില്‍ സിരിക്കിലെ ഒരു ടെലികമ്യൂണിക്കേഷന്‍ ടവര്‍ തകര്‍ന്നതായും കൗണ്ടിയിലെ ബൊമാനി ജില്ലയില്‍ രണ്ട് ജലസംഭരണികള്‍ തകര്‍ന്നതായും ഐ.ആര്‍.ജി.സി സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ ജലവിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Iran retaliates; attacks US facilities in Bahrain and Jordan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more