വാഷിംഗ്ടൺ: പിടിയിലായ പ്രക്ഷോഭകരുടെ വധശിക്ഷ തടഞ്ഞതിൽ ഇറാൻ നേതൃത്വത്തിന് നന്ദിപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇന്നലെ നടത്താനിരുന്ന വധശിക്ഷകൾ റദ്ദ് ചെയ്യാനുള്ള ഇറാൻ ഭരണകൂടത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും ഇറാൻ നേതൃത്വത്തിന് നന്ദി പറയുന്നെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു.
ഇസ്രഈലോ ഗൾഫ് രാജ്യങ്ങളോ അല്ല അമേരിക്കയെ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചതെന്നും അതിനുപിന്നിലെ കാരണം ഇറാൻ തന്നെയാണെന്നും ട്രംപ് പ്രതികരിച്ചു.
‘ആരും തന്നെ ബോധ്യപെടുത്തിയില്ലന്നും താൻ സ്വയം ബോധ്യപ്പെട്ടതാണെന്നും’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ആഴ്ചകളായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ഇറാൻ 800 ഓളം വധശിക്ഷകൾ നിർത്തിവെച്ചുവെന്നാണ് യു.എസിന്റെ വാദം.
അതേസമയം ആഴ്ചകളായി തുടർന്നിരുന്ന സംഘർഷങ്ങൾക്ക് ഇന്നലേയും ഇന്നുമായി അയവുവന്നിട്ടുണ്ട്. ഇറാനിലെ സാഹചര്യങ്ങൾ ശാന്തമായതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നേരത്തെ ഇറാനിലെ പ്രക്ഷോഭകരോട് പ്രതിഷേധം തുടരാനും സ്ഥാപനങ്ങൾ കയ്യേറാനും പറഞ്ഞ ട്രംപ് പ്രക്ഷോഭകർക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇറാനിലേക്കുള്ള യു.എസിന്റെ കടന്നുകയറ്റത്തെ റഷ്യ വിമർശിച്ചിരുന്നു. യു.എൻ യോഗം തന്നെ യു.എസിന്റെ കടന്നുകയറ്റത്തെ ന്യായീകരിക്കാൻ വിളിച്ചു ചേർത്തതാണെന്നായിരുന്നു റഷ്യയുടെ വിമർശനം. യു.എന്നിൽ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ യു.എസിന്റെ ഇറാനിലേക്കുള്ള കടന്നുകയറ്റത്തെ വിമർശിച്ചിരുന്നു.
ഇറാനിലെ പ്രതിഷേധങ്ങളെ അക്രമങ്ങളിലേക്കുനയിക്കുന്നതിൽ അമേരിക്കയ്ക്ക് നേരിട്ടിട്ടുള്ള പങ്കാളിത്തമുണ്ടെന്നും ഇറാനി ജനതയോടൊപ്പമാണെന്ന വ്യാജേന യു,എസ് ഇറാനിലേക്ക് സൈനിക ഇടപെടൽ നടത്തുകയാണെന്നും ഇറാൻ യു.എന്നിൽ പ്രതികരിച്ചിരുന്നു. അമേരിക്കയും ഇസ്രഈലും ഭീകരതയെയും കലാപത്തെയും പ്രോത്സാഹിപ്പിക്കുന്നെന്നും ഇറാൻ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ഏകപക്ഷീയമായി ഇറാനിൽ തടങ്കലിൽ വച്ചിരിക്കുന്നവരെ ഉടൻ മോചിപ്പിക്കണമെന്നും വധശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഫ്രാൻസ് യു.എന്നിൽ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Iran protest appear to slow, Trump thanks Iran for ‘halting executions’