തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍ മോദിയെ ചടങ്ങുകളിലേക്ക് ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല.
അടുത്ത മാസം നാല് മുതല്‍ ഒമ്പത് വരെയാണ് ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍. മോദിയെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഇറാന്റെ സന്ദേശം ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായാണ് വിവരം. എന്നാല്‍ ഈ സന്ദേശത്തിന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും നല്‍കിയിട്ടില്ല.
ഫെബ്രുവരി 28നാണ് ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെ മോദി അപലപിച്ചിരുന്നില്ല. എന്നാല്‍ മാര്‍ച്ച് അഞ്ചിന് വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവച്ച അനുശോചന സന്ദേശം ദല്‍ഹിയിലെ ഇറാന്‍ എംബസിക്ക് കൈമാറിയിരുന്നു.
മാര്‍ച്ചില്‍ തന്നെ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇസ്രഈല്‍-യു.എസ് സഖ്യം ഇറാനെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.
ഖാംനഇ കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ സംസ്‌കാരച്ചടങ്ങുകള്‍. ഈ മാസം 13നായിരുന്നു സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചത്.
ഇറാന്‍ തലസ്ഥാനം ടെഹ്റാനില്‍ ജൂലൈ നാല് മുതലും ഖോം നഗഗരത്തില്‍ ജൂലൈ ഏഴ് മുതലും സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം. ജൂലൈ നാലിന് ടെഹ്റാനിലാണ് ആദ്യഘട്ട ചടങ്ങുകള്‍. ജൂലൈ ഒമ്പതിന് ഖാംനഇയുടെ ജന്മനാടായ മഷാദ് പട്ടണത്തില്‍ ഭൗതിക ശരീരം സംസ്‌കരിക്കുക.
36 വര്‍ഷം ഇറാന്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖാംനഇ. ഇറാന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായിരുന്ന ആയത്തുള്ള റുഹൊല്ല ഖൊമെയ്നിയുടെ മരണത്തെത്തുടര്‍ന്ന് 1989ലാണ് ഇറാന്‍ പരമോനത്ത നേതാവായി ഖാംനഇ ചുമതലയേറ്റത്.
ആയത്തുല്ല ഖാംനഇയുടെ മരണത്തിന് പിറകെ മകന്‍ മൊജ്തബ ഖാംനഇയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി ഇറാന്‍ തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് എട്ടിനായിരുന്നു മൊജ്തബ ഖാംനഇ ചുമതലയേറ്റത്.
Content Highlight: Iran President invites PM Modi for Khamenei’s funeral, Indian side yet to decide