ടെഹ്‌റാന്‍: ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങളെ നാസി ചിന്താഗതിയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രമെന്നും വിശേഷിപ്പിച്ച് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ്.
ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പും ശേഷവുമുള്ള അഡോള്‍ഫ് ഹിറ്റ്‌ലറുടെ മാനസികാവസ്ഥയേയും നാസി ഫാസിസ്റ്റ് ചിന്താഗതികളെയും ഓര്‍മിപ്പിക്കുന്നതാണെന്ന് ഇറാന്‍ വക്താവ് പറഞ്ഞു.
ഇറാനെതിരായ അമേരിക്കയുടെ യുദ്ധ ശ്രമങ്ങള്‍ 2000 വര്‍ഷം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് യു.എസ് സെനറ്റര്‍ ലിന്‍ഡെ ഗ്രഹാം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ്യുടെ പരാമര്‍ശം.
‘ഇത്തരം വളച്ചൊടിച്ച ചരിത്ര പരാമര്‍ശങ്ങള്‍ ഫാസിസ്റ്റ് ചിന്താഗതികളുമായി പ്രത്യക്ഷത്തില്‍ സാമ്യമുള്ളവയാണ്. ‘ലെബന്‍സ്രോം’ (രാജ്യത്തെ വികസിപ്പിക്കാനുളള വാദം) എന്ന് വിളിച്ചുകൊണ്ടും റോമന്‍ സാമ്രാജ്യത്തെ പ്രശംസിച്ചുകൊണ്ടും അഡോള്‍ഫ് ഹിറ്റ്‌ലര്‍ മറ്റുരാജ്യങ്ങളെ ആക്രമിക്കുന്നതിനെ ന്യായീകരിച്ചു.
മുസോളനിയും റോമന്‍ സാമ്രാജ്യത്തിന്റെ മഹത്വം കാണിച്ചുകൊണ്ട് വടക്കേ അമേരിക്കയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒഴിവ്കഴിവ് കണ്ടുപിടിച്ചു,’ ബഗായ് എക്‌സില്‍ കുറിച്ചു.
അമേരിക്കയ്ക്ക് പുരാതന സാമ്രാജ്യങ്ങളൊന്നുമില്ലെങ്കിലും പടിഞ്ഞാറിനെ പ്രതിനിധീകരിക്കുന്നു എന്ന അവകാശവാദത്തോടെ ഇറാന്‍ ജനതയ്ക്ക് മേല്‍ നടത്തുന്ന ക്രൂരമായ സൈനിക ആക്രമണങ്ങളെ ന്യായീകരിക്കാന്‍ യൂറോപ്യന്‍ ചരിത്രം ഉപയോഗിക്കുന്നത് അപകടകരമായ ഫാസിസ്റ്റ് ചിന്താഗതിയെ പുനരുജ്ജീവിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ മരുന്ന് നിര്‍മാണശാലകള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളെ നേരത്തെ ബഗായ് അപലപിച്ചിരുന്നു. തൗഫിഖ് ദാരു എന്ന മരുന്ന് നിര്‍മാണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണ യൂണിറ്റും ഗവേഷണ വിഭാഗവും പൂര്‍ണമായും തകര്‍ന്നിരുന്നു.
മരുന്ന് ശാലകളെ ലക്ഷ്യം വെക്കുന്നത് യുദ്ധകുറ്റവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
എണ്ണവിലയെക്കുറിച്ചും നിത്യോപയോഗ സാധങ്ങളുടെ വിലയേക്കുറിച്ചും സംസാരിച്ച് യുദ്ധത്തിന്റെ യഥാര്‍ത്ഥ ഭീകരതയില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഈ ക്രൂരതകളുടെ പങ്കാളികളാവാതിരിക്കാന്‍ ശ്രമിക്കണമെന്നും ബഗായ് മുന്നറിയിപ്പ് നല്‍കി.
Content Highlight: Iran mocks US policies that justify war against them as Nazi and fascist ideology
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.