വാഷിങ്ടൺ: ഇറാന് ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ പദ്ധതിയില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ഇന്റലിജിൻസ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടർന്നേക്കാം എന്നാണ് ഇന്റലിജിൻസ് കണ്ടെത്തൽ.
ഇന്ധന വില ഉയർത്തി നിർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്റലിജിൻസ് പറയുന്നു.
ഇറാന്റെ സൈനിക കരുത്ത് ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ഈ യുദ്ധം, യഥാർത്ഥത്തിൽ മേഖലയിൽ അവരുടെ സ്വാധീനം വർദ്ധിപ്പിച്ചേക്കാം എന്നതിന്റെ ഏറ്റവും പുതിയ സൂചന കൂടിയാണ് ഈ റിപ്പോർട്ടുകൾ നൽകുന്നത്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലെ വെല്ലുവിളികളെ കുറച്ചുകാണിക്കാനാണ് ട്രംപ് ശ്രമിച്ചത്.
എന്നാൽ കടലിടുക്കിന്റെ വലിയ ഭാഗം നിയന്ത്രിക്കുന്ന ഇറാന് നേരെ സൈനികബലം പ്രയോഗിക്കാൻ ശ്രമിക്കുന്നത് വലിയ വില നൽകേണ്ടി വരുന്ന കാര്യമാണെന്നും, അത് അമേരിക്കയെ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു കരയുദ്ധത്തിലേക്ക് വലിച്ചിഴച്ചേക്കാമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കടലിടുക്ക് അടച്ചിടുന്നതിലൂടെ എണ്ണ വില ഉയർത്തി അമേരിക്കയിൽ പണപ്പെരുപ്പം ഉണ്ടാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അതുവഴി വരാനിരിക്കുന്ന മിഡ് – ടെം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പരാജയപെടുത്തലുമാണ് ഇറാന്റെ ലക്ഷ്യമെന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്.
‘ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാനുള്ള ശ്രമത്തിനിടയിൽ, അമേരിക്ക ഇറാന്റെ കൈകളിലേക്ക് വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ഒരു ആയുധമാണ് എത്തിച്ചുനൽകിയത്,’ ദുരന്ത നിവാരണ സംഘടനയായ ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ ഇറാൻ പ്രോജക്ട് ഡയറക്ടർ അലി വായസ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ നിയന്ത്രണത്തിലൂടെ ലോക ഊർജ്ജ വിപണിയെ സ്വാധീനിക്കാനുള്ള ഇറാന്റെ ശേഷി ഒരു ആണവായുധത്തേക്കാൾ എത്രയോ മടങ്ങ് ശക്തമാണെന്ന് ടെഹ്‌റാൻ മനസ്സിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Iran has no plans to open Hormuz: US intelligence