ടെഹ്‌റാന്‍: യു.എസ്- ഇസ്രഈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലും അമേരിക്കയുടെ ഉപരോധങ്ങള്‍ കാറ്റില്‍ പറത്തി ഹോര്‍മുസ് കടലിടുക്ക് വഴി ചൈനയിലേക്ക് എണ്ണ കയറ്റുമതി തുടര്‍ന്ന് ഇറാന്‍.
ഇറാനെതിരായ വൈറ്റ് ഹൗസിന്റെ സമ്മര്‍ദശ്രമങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ ഇറാന്‍ 13.7 ദശലക്ഷം മുതല്‍ 16.5 ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ കയറ്റുമതി നടത്തിയതായി ടാങ്കര്‍ ട്രാക്കിങ് ഡാറ്റ കാണിക്കുന്നു.
ഇറാന്റെ എണ്ണ വ്യാപാരം പൂര്‍ണമായും തടയാന്‍ അമേരിക്ക ലക്ഷ്യമിട്ടിരുന്നെങ്കിലും ഇറാനിപ്പോഴും ചൈനയുമായുള്ള ഇടപാട് വഴി കോടികളാണ് സമ്പാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ എണ്ണ വ്യാപാരം പൂജ്യമാക്കുമെന്നായിരുന്നു അമേരിക്കയുടെ അവകാശവാദം.
ചൈനീസ് എണ്ണയും ഖത്തറില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകവും ഹോര്‍മുസ് വഴി സുരക്ഷിതമായി കടത്തിവിടുന്നതിനായി ചൈന കഴിഞ്ഞയാഴ്ച ഇറാനുമായി ചര്‍ച്ച നടത്തിയിരുന്നു.
ചൈനയുടെ ഇറക്കുമതിയുടെ 45 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.
എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇസ്രഈലിന്റെയും അമേരിക്കന്‍ സഖ്യകക്ഷികളുടെയും എണ്ണ കപ്പലുകള്‍ ഇറാന്‍ തടയുന്നുണ്ട്. അതേസമയം തങ്ങളുടെ എണ്ണയുമായി പോവുന്ന കപ്പലുകള്‍കള്‍ക്ക് സുരക്ഷിത പാത ഒരുക്കാന്‍ ഇറാന് കഴിയുന്നുവെന്നതും യു.എസ് ഉപരോധങ്ങളെ തടയാന്‍ കഴിയുന്നുവെന്നതും അമേരിക്കയുടെ സൈനിക മേധാവിത്വത്തിനുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.
അമേരിക്കയുടെ സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ കപ്പലുകള്‍ കടത്തിവിടാന്‍ ഇറാന്‍ അനുവദിക്കുന്നില്ല. ഇത് എണ്ണയ്ക്കായി മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ഇന്ധന ക്ഷാമത്തിനാണ് കാരണമാവുന്നത്.
ഇന്ത്യ വാങ്ങുന്ന എണ്ണയുടെ വലിയൊരു ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. വിതരണം തടസ്സപ്പെടുന്നത് ഇന്ത്യയില്‍ ഇന്ധന വില കൂടാന്‍ കാരണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫ് രാജ്യങ്ങള്‍ക്കും വലിയ നഷ്ടം തന്നെയാണ് ഹോര്‍മുസിലെ ഇറാന്റെ നിയന്ത്രണങ്ങള്‍ കാരണം ഉണ്ടാവുന്നത്. തങ്ങളുടെ എണ്ണ വിറ്റഴിക്കാന്‍ പുതിയ വഴികള്‍ തേടേണ്ട അവസ്ഥയിലാണ് പലരും.
ഇറാനെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയുമായിരുന്നു യു.എസിന്റെ ലക്ഷ്യം. എന്നാല്‍ ചൈനയ്ക്കടക്കം ഇറാന്‍ എണ്ണ വില്‍ക്കുന്നത് അമേരിക്കന്‍ നയതതന്ത്രത്തിന് വലിയ അപമാനമാണ് ഉണ്ടാക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
Content Highlight: Iran defies US sanctions; oil trade with China resumes
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.