യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍തന്നെ 200 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 3000 പേര്‍ക്ക് പരിക്ക്: അവകാശവാദവുമായി ഇറാന്‍
World
യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍തന്നെ 200 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 3000 പേര്‍ക്ക് പരിക്ക്: അവകാശവാദവുമായി ഇറാന്‍
നിഷാന. വി.വി
Wednesday, 18th March 2026, 8:21 am

ടെഹ്‌റാന്‍: ഇറാനെതിരായി ഇസ്രഈലും അമേരിക്കയും ആരംഭിച്ച സംയുക്ത യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 3200 ലധികം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി ഇറാന്‍.

ഫെബ്രുവരി 28 മുതലുള്ള ഇറാന്റെ തിരിച്ചടിയില്‍ അമേരിക്കയുടെ നാശനഷ്ടങ്ങളുടെ സമഗ്രമായ വിലയിരുത്തലുകള്‍ ഇറാന് ലഭിച്ചതായും ഭരണകൂടം അവകാശപ്പെടുന്നുണ്ട്.

ഇറാന്റെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയുടെയും ഇസ്രഈലിന്റെയും വ്യോമ പ്രതിരോധ ആയുധ ശേഖരണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആദ്യ ആഴ്ചയില്‍ തന്നെ ഏകദേശം 200 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും 3000 ത്തോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കൂടാതെ 150 മിസൈല്‍ നിക്ഷേപണ പ്ലാറ്റ്‌ഫോമുകളും 23 പേട്രിയെറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും യു.എസിന് നഷ്ടപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

37 വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ് ആയുധ ശേഖരത്തിന്റെ 43 ശതമാനവും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടിരുന്നു.

കൂടാതെ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂള്‍ ആക്രമിക്കുകയും 170 സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇറാന്‍ അമേരിക്കയ്ക്കും ഇസ്രഈലിനുമെതിരെ ഇറാന്‍ തിരിച്ചടിച്ചത്.

ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4ന്റെ ഭാഗമായി ഇറാന്‍ സേന ഇതുവരെ 58 പ്രത്യാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈലി സൈനിക കേന്ദ്രങ്ങൡും മേഖലയിലുടനീളമുള്ള യു.എസ് സൈനിക താവളങ്ങൡും ഇറാന്‍ ആക്രമണങ്ങള്‍ നടത്തി.

ഇറാനിയന്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെകുറിച്ച് യു.എസും ഇസ്രഈലും മൗനം പാലിക്കുകയാണ്. എന്നാല്‍ നാശനഷ്ടങ്ങളുടെ ചെലവ് പതിനായിരക്കണക്കിന് ബില്യണ്‍ ഡോളറാണെന്നാണ് സ്വതന്ത്ര മാധ്യമങ്ങളും വിശകലന വിദഗ്ധരും കണക്കാക്കുന്നത്.

ഇറാന്റെ കൃത്യതയുള്ള മിസൈല്‍ ആക്രമണങ്ങളില്‍ യു.എസ് ഇസ്രഈല്‍ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും ഏതാണ്ട് പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും നിരീക്ഷകര്‍ പറയുന്നു.

ഇസ്രഈല്‍ ഭരണകൂടം യു.എസിനോട് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നതായും അമേരിക്ക സഖ്യ കക്ഷികളോട് സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധ കപ്പലുകള്‍ അയക്കാന്‍ ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇത് നിരസിക്കുകയായിരുന്നു.

Content Highlight: Iran claims 3,200 US soldiers were killed in the first week of the war

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.