കൊല്‍ക്കത്തയോടുള്ള ഐ.പി.എല്‍ തോല്‍വി; ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ റേപ്പ് ഭീഷണി
Cyber attack
കൊല്‍ക്കത്തയോടുള്ള ഐ.പി.എല്‍ തോല്‍വി; ധോണിയുടെ അഞ്ച് വയസുകാരി മകള്‍ക്കെതിരെ റേപ്പ് ഭീഷണി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th October 2020, 11:49 pm

ദുബായ്: സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ പരിധികളില്ലാതെ മോശമായി കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ തേജോവധം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയാണ് പലരും.

ഏറ്റവുമൊടുവില്‍ ധോണിക്കും കോദാര്‍ ജാദവിനെതിരെയുമാണ് സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി അവസാനം നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റതാണ് സൈബര്‍ ആക്രമണകാരികളെ ചൊടിപ്പിച്ചത്.

എന്നാല്‍ ട്രോളുകള്‍ പരിധി വിടുകയും അഞ്ചുവയസുകാരിയായ ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയടക്കം മുഴക്കിയിരിക്കുകയാണ് ചിലര്‍. മോശമായ ഭാഷയില്‍ ഇരുവരുടെയും കുടുംബങ്ങളെയും അധിക്ഷേപിക്കുന്നുണ്ട്.

കനത്ത പ്രതിഷേധമാണ് ഇത്തരക്കാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബുധനാഴ്ച 10 റണ്‍സിനാണ് ചെന്നൈ കൊല്‍ക്കത്തയോട് പരാജയപ്പെട്ടത്. 51 പന്തില്‍ 81 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുടെ മികവില്‍ കൊല്‍ക്കത്ത 167 റണ്‍സാണ് എടുത്തത്. ചെന്നൈയ്ക്കായി ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ ചെന്നൈയ്ക്കായി വാട്സണ്‍ 50 റണ്‍സും റായിഡു 30 റണ്‍സുമെടുത്തു. വാലറ്റത്ത് ജഡേജ എട്ട് പന്തില്‍ 21 റണ്‍സ് നേടിയെങ്കിലും വിജയം അകലെയായിരുന്നു.നാലാം നമ്പറില്‍ ധോണി ഇറങ്ങിയെങ്കിലും ചെന്നൈയ്ക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായിരുന്നില്ല. പിന്നാലെ വന്ന കേദാര്‍ ജാദവ് 12 പന്തില്‍ ഏഴ് റണ്‍സാണെടുത്തത്. ഇതും തോല്‍വിയ്ക്ക് കാരണമായി.

നേരത്തെ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ മോശം പ്രകടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്‌ക്കെതിരെയും സമാനമായ രീതിയില്‍ സൈബര്‍ അധിക്ഷേപം നടത്തിരുന്നു.

ഇതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കമന്ററിക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ വിവാദ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ ബൗളിംഗിലാണ് കോഹ്ലി പരിശീലിച്ചതെന്നും ഇത് മതിയാവില്ലെന്നുമായിരുന്നു സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം.

തുടര്‍ന്ന് ഗവാസ്‌ക്കറിന് മറുപടിയുമായി അനുഷ്‌ക രംഗത്ത് എത്തിയിരുന്നു. എപ്പോഴാണ് തന്റെ പേര് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് നിര്‍ത്തുകയെന്നും എന്തു കൊണ്ടാണ് ഭര്‍ത്താവിന്റെ ഗെയിമിനായി ഒരു ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈ പ്രസ്താവന നടത്തിയത് എന്ന് നിങ്ങള്‍ വിശദീകരിക്കണമെന്നും അനുഷ്‌ക ഗവാസ്‌കറോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:IPL2020 defeat to Kolkata; Dhoni’s five – year – old daughter threatened after CSK -KKR Match