സഞ്ജുവിന് പകരം ജഡേജയും ഒരു യുവതാരവും; പുതിയ അപ്‌ഡേഷനിങ്ങനെ
Sports News
സഞ്ജുവിന് പകരം ജഡേജയും ഒരു യുവതാരവും; പുതിയ അപ്‌ഡേഷനിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th November 2025, 1:44 pm

സഞ്ജു സാംസണിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. താരം ഐ.പി.എല്‍ 2026ന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് ചര്‍ച്ചകള്‍ എങ്ങുമെത്താതെ ഉപേക്ഷിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടീമുകള്‍ക്ക് നവംബര്‍ 15 ന് മുമ്പ് അടുത്ത സീസണിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ട്. അതിന് മുമ്പ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ വീണ്ടും സി.എസ്.കെ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

View this post on Instagram

A post shared by Mufaddal Vohra (@mufastweet)

ഇപ്പോള്‍ പുറത്ത് വരുന്നത് ഇത് സംബന്ധിച്ച കൂടുതല്‍ അപ്‌ഡേഷനുകളാണ്. സഞ്ജുവിനെ വിട്ടുനല്‍കാന്‍ രവീന്ദ്ര ജഡേജയെയും സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയുമാണ് രാജസ്ഥാന്‍ റോയല്‍സ് (ആര്‍.ആര്‍) പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജഡേജയും സഞ്ജുവുമായുള്ള ട്രേഡിന് സി.എസ്.കെ ഒരുക്കമാണെങ്കിലും ബ്രെവിസിനെ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് വിവരം. ഇതാണ് ഈ ട്രേഡ് നടക്കുന്നതിലെ തടസമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

‘സഞ്ജുവും ജഡേജയും 18 കോടി വിലവരുന്ന താരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സ് കരാറില്‍ ഒരു അധിക കളിക്കാരനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ ഈ ട്രേഡ് നിലവില്‍ സ്തംഭിച്ചിരിക്കുകയാണ്.

സി.എസ്.കെയുടെ യുവ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിനെയും ഡീലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആര്‍.ആറിന്റെ ആവശ്യം. ഇക്കാര്യമാണ് ഈ ട്രേഡിലെ പ്രധാന തടസം,’ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയുമായുള്ള ട്രേഡ് ചര്‍ച്ചകള്‍ രാജസ്ഥാന്‍ ഉടമ മനോജ് ബദലെയാണ് നയിക്കുന്നത്. ബ്രെവിസിനെ മാത്രമല്ല, മറ്റൊരു താരത്തെയും ട്രേഡില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സി.എസ്.കെയുടെ നിലപാടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ചെന്നൈയ്ക്ക് പുറമെ, സഞ്ജുവിന്റെ കാര്യത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സണ്‍ റൈസേഴ്‌സിന് ടോപ് ഓര്‍ഡറില്‍ മികച്ച താരങ്ങളുള്ളതിനാല്‍ സഞ്ജുവിനെ ടീമില്‍ എത്തിക്കുന്നതില്‍ താത്പര്യമില്ലെന്നാണ് വിവരം.

Content Highlight: IPL Trade Rumor: Rajasthan Royals want Ravindra Jadeja and Dewald Brevis from Chennai Super Kings for Sanju Samson: Report