പ്ലേഓഫില്‍ പ്രവേശിച്ച ശേഷമുള്ള ആദ്യ നാണക്കേട്; ഒരു ക്യാപ്റ്റനും ആഗ്രഹിക്കാത്ത നേട്ടത്തില്‍ ശ്രേയസ്, ഇപ്പോള്‍ പഞ്ചാബിനൊപ്പവും
IPL
പ്ലേഓഫില്‍ പ്രവേശിച്ച ശേഷമുള്ള ആദ്യ നാണക്കേട്; ഒരു ക്യാപ്റ്റനും ആഗ്രഹിക്കാത്ത നേട്ടത്തില്‍ ശ്രേയസ്, ഇപ്പോള്‍ പഞ്ചാബിനൊപ്പവും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th May 2025, 3:55 pm

പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ആദ്യ ക്വാളിഫയറും പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ പഞ്ചാബ് കിങ്‌സിന് അപ്രതീക്ഷിതമായി ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വക മൂര്‍ദ്ധാവില്‍ പ്രഹരമേറ്റിരുന്നു. മികച്ച ടോട്ടല്‍ അടിച്ചെടുത്തിട്ടും അത് ഡിഫന്‍ഡ് ചെയ്യാന്‍ സാധിക്കാതെ പോയതാണ് പഞ്ചാബിന് തിരിച്ചടിയായത്.

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്ത് ശേഷിക്കെ ക്യാപ്പിറ്റല്‍സ് മറികടന്നു.

യുവതാരം സമീര്‍ റിസ്വിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. ഇതോടെ വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനും ക്യാപ്പിറ്റല്‍സിനായി.

ഈ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഒരു മോശം റെക്കോഡാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 200+ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്യവെ പരാജയമേറ്റുവാങ്ങിയ ക്യാപ്റ്റനെന്ന മോശം റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് ശ്രേയസ് ഇത്തരത്തില്‍ തോല്‍വിയേറ്റുവാങ്ങുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 200+ റണ്‍സ് ഡിഫന്‍ഡ് ചെയ്യവെ പരാജയപ്പെട്ട ക്യാപ്റ്റന്‍മാര്‍

(ക്യാപ്റ്റന്‍ – മത്സരം – തോല്‍വി എന്നീ ക്രമത്തില്‍)

ശ്രേയസ് അയ്യര്‍ – 16 – 4*

ശുഭ്മന്‍ ഗില്‍ – 6 – 3

ഫാഫ് ഡു പ്ലെസി – 7

എം.എസ്. ധോണി – 3 – 20

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം പ്രിയാന്‍ഷ് ആര്യ ആറ് റണ്‍സിന് പുറത്തായി. മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ട്രിസ്റ്റണ്‍ സ്റ്റബ്സിന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ ജോഷ് ഇംഗ്ലീസ് ആദ്യ നിമിഷം മുതല്‍ക്കുതന്നെ വെടിക്കെട്ട് പുറത്തെടുത്തു. കേവലം 12 പന്ത് മാത്രമാണ് നേരിട്ടതെങ്കിലും 26.67 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 32 റണ്‍സ് താരം സ്വന്തമാക്കിയിരുന്നു. സ്പിന്നര്‍ വിപ്രജ് നിഗമിനെ സ്റ്റെപ്പ്ഔട്ട് ചെയ്ത് അടിച്ചൊതുക്കാനുള്ള ശ്രമം പാഴാവുകയും സ്റ്റബ്സ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

പ്രഭ്സിമ്രാന്‍ സിങ് 18 പന്തില്‍ 28 റണ്‍സിനും നേഹല്‍ വധേര 16 പന്തില്‍ 16 റണ്‍സും ശശാങ്ക് സിങ് പത്ത് പന്തില്‍ 11 റണ്‍സിനും പുറത്തായെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഉറച്ചുനിന്നു. 34 പന്തില്‍ 53 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

ഏഴാം നമ്പറിലെത്തിയ മാര്‍കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ടിനാണ് ജയ്പൂര്‍ സാക്ഷ്യം വഹിച്ചത്. ആകാശം തൊട്ട നാല് സിക്സറും മൂന്ന് ഫോറും അടക്കം 16 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്. 275.00 എന്ന പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ പ്രകടനം.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 206 റണ്‍സിലെത്തി.

ദല്‍ഹി ക്യാപ്പിറ്റല്‍സിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും ഇന്നിങ്സിന് അടിത്തറയൊരുക്കിയത്.

ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവെ രാഹുലിനെ ടീമിന് നഷ്ടമായി. 31 പന്തില്‍ 35 റണ്‍സടിച്ചാണ് രാഹുല്‍ മടങ്ങിയത്. മാര്‍കോ യാന്‍സെന്റെ പന്തില്‍ ശശാങ്ക് സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

അധികം വൈകാതെ ക്യാപ്റ്റനെയും ടീമിന് നഷ്ടമായി. 15 പന്തില്‍ 23 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയ അഫ്ഗാന്‍ താരം സെദ്ധിഖുള്ള അടലിനെ ഒരറ്റത്ത് നിര്‍ത്തി കരുണ്‍ നായര്‍ സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍ ആ കൂട്ടുകെട്ടിന് അധികം ആയുസ് നല്‍കാതെ പ്രവീണ്‍ ദുബെ സെദ്ദിഖിനെ പുറത്താക്കി. 22 റണ്‍സാണ് താരം നേടിയത്.

അഞ്ചാം നമ്പറിലെത്തിയ സമീര്‍ റിസ്വി കരുണ്‍ നായരിനെ ഒപ്പം കൂട്ടി വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

15ാം ഓവറിലെ അവസാന പന്തില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ പാര്‍ട്ണര്‍ഷിപ്പ് പൊളിച്ച് ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 27 പന്തില്‍ 44 റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

കരുണ്‍ പുറത്തായെങ്കിലും റിസ്വി തന്റെ വെടിക്കെട്ട് തുടര്‍ന്നു. 22ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം ദല്‍ഹി ഇന്നിങ്സിന്റെ നെടുംതൂണായത്.

അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടിയ ക്യാപ്പിറ്റല്‍സ് മൂന്നാം പന്തില്‍ സിക്സറടിച്ച് വിജയവും സ്വന്തമാക്കി.

സമീര്‍ റിസ്വി 25 പന്തില്‍ 58 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്സ് 14 പന്തില്‍ 18 റണ്‍സും നേടി പുറത്താകാതെ നിന്നു.

 

Content Highlight: IPL: Shreyas Iyer tops an unwanted list of most IPL losses while defending 200+ as Captain