ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ ആവേശം അവസാനിക്കും മുമ്പേ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ചൂടിലേക്ക് മടങ്ങുകയാണ്. ഒരേ മനസോടെ ഇന്ത്യയുടെ കിരീടവിജയത്തിനായി ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ക്രിക്കറ്റ് ആരാധകര്‍ മാര്‍ച്ച് 22 മുതല്‍ ചേരി തിരിഞ്ഞ് പരസ്പരം പോരടിച്ചുതുടങ്ങും.
2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ 18ാം എഡിഷനിലെത്തി നില്‍ക്കുകയാണ്.
മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
2020 മുതല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് മാച്ചുകളില്‍ സഞ്ജു സാംസണ്‍ പുറത്തെടുക്കുന്ന വെടിക്കെട്ടിന് ഇത്തവണ സാക്ഷിയാകാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
2020 മുതലുള്ള എല്ലാ സീസണിലെയും രാജസ്ഥാന്റെ ഓപ്പണിങ് മാച്ചുകളില്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് പുറത്തെടുക്കുന്നത് സാധാരണമാണ്. കഴിഞ്ഞ അഞ്ച് സീസണിലെയും രാജസ്ഥാന്റെ എല്ലാ ഓപ്പണിങ് മാച്ചിലും സഞ്ജു സാംസണ്‍ 50+ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു.

2020ല്‍ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയായിരുന്നു രാജസ്ഥാന്റെ ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
32 പന്തില്‍ 74 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതിനൊപ്പം രണ്ട് ക്യാച്ചും രണ്ട് സ്റ്റംപിങ്ങുമായി വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.
സഞ്ജുവിന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പിറവിയെടുത്തത് 2021ല്‍ പഞ്ചാബിനെതിരെ നടന്ന രാജസ്ഥാന്റെ ഓപ്പണിങ് മാച്ചിലാണ്. മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്‍റെ പ്രകടനത്തിന്‍റെ പേരിലാണ് ഈ മാച്ച് ഓർക്കപ്പെടുന്നത്. സെഞ്ച്വറിയടിച്ചാണ് സഞ്ജു രാജസ്ഥാനെ താങ്ങിനിർത്തിയത്.
പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് പിന്നിട്ടിറങ്ങിയ രാജസ്ഥാന്‍ അഞ്ച് റണ്‍സകലെ കാലിടറി വീണു. 63 പന്തില്‍ 119 റണ്‍സുമായി സഞ്ജു തകര്‍ത്തടിച്ചെങ്കിലും വിജയിക്കാന്‍ മാത്രം സാധിച്ചില്ല. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജുവിനെ തേടിയെത്തി.

അടുത്ത രണ്ട് സീസണിലും (2022, 2023) സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് രാജസ്ഥാന് തങ്ങളുടെ ഓപ്പണിങ് മാച്ചില്‍ നേരിടാനുണ്ടായിരുന്നത്. 2022ല്‍ 27 പന്തില്‍ 55 റണ്‍സടിച്ച താരം 2023ല്‍ 32 പന്തില്‍ 55 റണ്‍സും അടിച്ചെടുത്തു. 2022ല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സഞ്ജുവിന് ലഭിച്ചപ്പോള്‍ 2023ല്‍ സഞ്ജുവിനൊപ്പം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ജോസ് ബട്‌ലറാണ് കളിയിലെ താരമായത്.

കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ഹല്ലാ ബോല്‍ ആര്‍മി ആദ്യ മത്സരം കളിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍, സഞ്ജുവിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 52 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 173 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെയായിരുന്നു.

ഇത്തവണയും സഞ്ജുവിന്റെ ഈ മാജിക്കിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കേവലം ആദ്യ മത്സരത്തില്‍ മാത്രമല്ല ടൂര്‍ണമെന്റിലുടനീളം സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്ന താരം ഐ.പി.എല്ലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlight: IPL: Sanju Samson’s brilliant batting performance on every opening match of Rajasthan Royals
