ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുമോ; മറുപടിയുമായി ധോണി
IPL
ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുമോ; മറുപടിയുമായി ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 1:52 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്നു. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

ആവേശം നിറഞ്ഞ മത്സരത്തിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ചെന്നൈക്ക് വിജയം നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ചെന്നൈ.

മറുപടി ബാറ്റിങ്ങിലെ പവര്‍ പ്ലേയില്‍ 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്ന ചെന്നൈയെ താങ്ങി നിര്‍ത്തിയത് മധ്യനിരയാണ്. ഇംപാക്ട് ആയി ഇറങ്ങിയ ശിവം ദുബെയും ധോണിയും തമ്മിലുള്ള കൂട്ടുകെട്ട് ടീമിനെ വിജയത്തില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും 40 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി ശിവം മടങ്ങി.

അവസാനഘട്ടത്തില്‍ എം.എസ്. ധോണിയുടെ ചെറുത്തുനില്‍പ്പും അന്‍ഷുല്‍ കാംബോജിന്റെ ബൗണ്ടറി നേടിയുള്ള ഫിനിഷിങ്ങും ചെന്നൈയെ സീസണിലെ മൂന്നാം വിജയത്തില്‍ എത്തിച്ചു.

മത്സരത്തില്‍ ധോണി 18 പന്തില്‍ 17 റണ്‍സ് നേടി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ ആന്ദ്രെ റസലിന്റെ ആദ്യ പന്ത് സിക്സര്‍ പറത്തി ധോണി ടീമിനെ ഫിനിഷിങ് ലൈനിലേക്ക് എത്തിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിന് മുമ്പ് ധോണി പരിശീലന സെഷന്‍ ഒഴിവാക്കിയെന്നും ഐ.പി.എല്ലിലെ താരത്തിന്റെ അവസാന മത്സരമാണെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം ധോണി അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

തനിക്ക് ഇപ്പോള്‍ 42 വയസായിയെന്നത് ഒരു വസ്തുതയാണെന്നും അവസാന മത്സരം എപ്പോഴാകുമെന്ന് പലര്‍ക്കും അറിയില്ലെന്നും ധോണി പറഞ്ഞു. താനിപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും തന്റെ ശരീരത്തിന് ഈ സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുമോയെന്ന് അറിയാന്‍ 6-8 മാസം കൂടി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും ചെന്നൈ നായകന്‍ കൂട്ടിച്ചേര്‍ത്തു.

High scoring games are due to conditions and comfort level of players, not impact player rule: Dhoni

‘വളരെക്കാലമായി ഞാന്‍ കളിക്കാന്‍ തുടങ്ങിയിട്ട്. എന്റെ അവസാന മത്സരം എപ്പോള്‍ കളിക്കുമെന്ന് പലര്‍ക്കും അറിയില്ല (ചിരിക്കുന്നു). അതിനാല്‍ കഴിയുന്നതുവരെ എന്നെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോള്‍ 42 വയസായിയെന്നത് ഒരു വസ്തുതയാണ്.

ഈ ഐപിഎല്ലിന് ശേഷം, എന്റെ ശരീരത്തിന് ഈ സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന് അറിയാന്‍ 6-8 മാസം കൂടി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും അതിശയകരമാണ്,’ ധോണി പറഞ്ഞു.

Content Highlight: IPL: MS Dhoni responds to retirement rumors