ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു
Sports News
ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th May 2025, 12:18 pm

ഐ.പി.എല്‍ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ റദ്ധാക്കി. ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മത്സരങ്ങള്‍ റദ്ധാക്കിയത്. താരങ്ങളുടെയും കാണികളുടെയും സുരക്ഷാ കണക്കിലെടുത്താണ് ഈ തീരുമാനം.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്സ് മത്സരവും ഉപേക്ഷിച്ചിരുന്നു. മഴ കാരണം വൈകി ആരംഭിച്ച മത്സരം പത്ത് ഓവറോളം പിന്നിട്ടതിന് ശേഷമാണ് ഉപേക്ഷിച്ചത്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുകയും സംഘര്‍ഷ സാഹചര്യം പ്രതികൂലമാവുകയും ചെയ്തതിന് പിന്നാലെയായിരുന്നു മത്സരം ഉപേക്ഷിച്ചത്.

ഇതിന് പിന്നാലെ ഐ.പി.എല്‍ മത്സരങ്ങള്‍ തുടരുമോയെന്ന അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. ഇന്ന് നടക്കാനിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഉപേക്ഷിക്കുകയും പഞ്ചാബ് കിങ്സുമായുള്ള മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്റെ വേദി അഹമ്മദാബാദിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഓസ്‌ട്രേലിയ നിന്ന് അടക്കമുള്ള വിദേശ താരങ്ങള്‍ ഐ.പി.എല്‍ വിടാനൊരുങ്ങുന്നുവെന്ന് ദി സിഡിനി മോര്‍ണിങ്ങ് ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ സുരക്ഷയെ കുറിച്ച് ബി.സി.സി.ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ഐ.പി.എല്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പി.ടി.ഐ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ചാണ് ഐ.പി.എല്‍ നിര്‍ത്തിവെച്ചത് റിപ്പോര്‍ട്ട് ചെയ്തത്.

‘രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല,’ ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: IPL matches cancelled