ഐ.പി.എല്‍ പതിനെട്ടാം പതിപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെയും ഫ്രാഞ്ചൈസികളുടേയും കളി കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മാര്‍ച്ച് 22ന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം.
Venky Mysore
സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കൊല്‍ക്കത്ത പുതിയ ക്യാപ്റ്റനായി അജിന്‍ക്യ രഹാനയെ തെരഞ്ഞെടുത്തിരുന്നു. യുവതാരം വെങ്കിടേഷ് അയ്യരെ മറികടന്നാണ് രഹാനെ ക്യാപ്റ്റനായത്. ഇപ്പോള്‍ രഹാനയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് കെ.കെ.ആറിന്റെ സി.ഇ.ഒ വെങ്കി മൈസൂര്‍.
ഐ.പി.എല്‍ വളരെ തീവ്രമായ ടൂര്‍ണമെന്റാണെന്നും ക്യാപ്റ്റന്‍സി യുവ താരത്തിന് ഭാരം നല്‍കുമെന്നും വെങ്കി പറഞ്ഞു. ക്യാപ്റ്റനാവാന്‍ സ്ഥിരതയും പക്വതയും അനുഭവ പരിചയവും ആവശ്യമാണെന്നും അജിന്‍ക്യ രഹാനെയ്ക്ക് അത് സാധിക്കുമെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഐ.പി.എല്‍ വളരെ തീവ്രമായ ഒരു ടൂര്‍ണമെന്റാണ്. വെങ്കിടേഷ് അയ്യരെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായമാണ്, എന്നാല്‍ അതേ സമയം ക്യാപ്റ്റന്‍ സ്ഥാനം ഒരു യുവതാരത്തിന് അധിക ഭാരമാണ്.
മുന്നോട്ട് പോകുമ്പോള്‍ വെല്ലുവിളികള്‍ നേരിടുന്ന നിരവധി ആളുകളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇതിന് വളരെ സ്ഥിരതയും, ധാരാളം പക്വതയും, അനുഭവപരിചയവുമുള്ള താരത്തെ ആവശ്യമാണ്. അത് അജിന്‍ക്യയ്ക്ക് (അജിന്‍ക്യ രഹാനെ) സാധിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നി,’ വെങ്കി പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്ലില്‍ ശ്രേയസ് അയ്യരുടെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്‍മാരായിരുന്നു. അയ്യര്‍ ടീം വിട്ടതോടെയാണ് പുതിയ ക്യാപ്റ്റനെ കൊല്‍ക്കത്തയ്ക്ക് തേടേണ്ടി വന്നത്. മെഗാ താര ലേലത്തില്‍ ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയിരുന്നു.
അതോടെയാണ് അജിക്യ രഹാനെയ്ക്ക് ക്യാപ്റ്റനായി നറുക്ക് വീണത്. ഐ.പി.എല്ലില്‍ 17 വര്‍ഷത്തെ പരിചയ സമ്പത്തുള്ള അജിന്‍ക്യ രഹാനെ ഇത് രണ്ടാം തവണയാണ് കൊല്‍ക്കത്തയിലെത്തുന്നത്.
Content Highlights: IPL : Kolkata CEO Reveals The Reason Behind Appointment of Rahane As Captain