| Friday, 14th March 2025, 5:54 pm

ഐ.പി.എല്ലില്‍ എത്ര മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന് അറിയില്ല, സൂപ്പര്‍ താരത്തിന് വമ്പന്‍ തിരിച്ചടി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മത്സരങ്ങള്‍ക്കാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് മാമാങ്കത്തിന്റെ പതിനെട്ടാം പതിപ്പിന് മാര്‍ച്ച് 22നാണ് തുടക്കം. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഉദ്ഘാടന മത്സരത്തിന് വേദിയാവുക.

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് പരിക്ക് കാരണം ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മെഡിക്കല്‍ ടീമിന്റെ അനുമതി ലഭിച്ചാല്‍ താരം ഏപ്രില്‍ മാസം ആദ്യം മുംബൈ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐ.പി.എല്ലില്‍ ബുംറയ്ക്ക് എത്ര മത്സരങ്ങള്‍ നഷ്ടമാകുമെന്നും ഏത് മത്സരത്തിലാണ് സൂപ്പര്‍ പേസര്‍ക്ക് മുംബൈ ടീമിനൊപ്പം ചേരാന്‍ കഴിയുകയെന്നും സ്ഥിരീകരിക്കാനാവില്ല എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ (സി.ഒ.ഇ) ചികിത്സയിലാണ് താരം.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിലാണ് ബുംറയ്ക്ക് പിന്‍ഭാഗത്ത് പരിക്കേല്‍ക്കുന്നത്. 2023ലും താരത്തിന് പിന്‍ഭാഗത്ത് പരിക്കേറ്റ് സര്‍ജറിക്ക് വിധേയനായിരുന്നു.

ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ താരം 32 വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു. പിന്നാലെ, ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ബുംറ ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് പുറത്തായി.

മുംബൈ ഇന്ത്യന്‍സിന് മാര്‍ച്ചില്‍ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് 23 ന് ചെന്നൈ സൂപ്പര്‍ കിങ്സിനോടും മാര്‍ച്ച് 29ന് ഗുജറാത്ത് ടൈറ്റന്‍സിനോടും 31ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമാണ് എം.ഐയുടെ മത്സരങ്ങള്‍.

Content Highlight: IPL: Huge Setback for the Mumbai Indians Super Star Jasprit Bumrah: Report

We use cookies to give you the best possible experience. Learn more