ആറാം സ്ഥാനം വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്‌സ്, അവസാന സ്ഥാനത്ത് സ്വന്തം കൊച്ചി ടസ്‌കേഴ്‌സ്; ഐ.പി.എല്‍ പോയിന്റ് ടേബിള്‍ ഇങ്ങനെ
IPL
ആറാം സ്ഥാനം വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്‌സ്, അവസാന സ്ഥാനത്ത് സ്വന്തം കൊച്ചി ടസ്‌കേഴ്‌സ്; ഐ.പി.എല്‍ പോയിന്റ് ടേബിള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th June 2025, 11:41 am

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐ.പി.എല്ലിന്റെ കനക കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തേടിയെത്തിയത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി ഐ.പി.എല്‍ ചരിത്രത്തിലെ എട്ടാം ചാമ്പ്യന്‍മാരായി കിരീടമുയര്‍ത്തുമ്പോള്‍ വിരാട് കോഹ്‌ലിയെന്ന അതികായന്റെ കാത്തിരിപ്പിന് കൂടിയാണ് വിരാമമായത്.

ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ ടീമുകളിലൊരാള്‍ കിരീടം നേടുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ബെംഗളൂരു തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു.

 

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടിയത്. പഞ്ചാബ് കിങ്‌സാകട്ടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരുമായിരുന്നു.

മിക്ക സീസണുകളിലും പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനം സ്വന്തമാക്കുന്നതായിരുന്നു പഞ്ചാബ് കിങ്‌സിന്റെ പതിവ്. ഇക്കാരണം കൊണ്ടുതന്നെ ഐ.പി.എല്ലിന്റെ കിരീടമില്ലാത്ത ആറാം തമ്പുരാനെന്നും ആരാധകര്‍ പഞ്ചാബിനെ കളിയാക്കി വിളിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പുതിയ ക്യാപ്റ്റന് കീഴില്‍ പ്രകടനം മെച്ചപ്പെടുത്തിയ പഞ്ചാബ് കിങ്‌സ് 2014ന് ശേഷം ആദ്യമായി ഫൈനലിനും യോഗ്യത നേടി.

ഇത്തവണ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനം ‘നേടാന്‍ സാധിച്ചില്ലെങ്കിലും’ ഇതുവരെയുള്ള എല്ലാ സീസണുകളിലെയും പോയിന്റ് ഉള്‍പ്പെടുത്തിയുള്ള പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്ത് തന്നെയാണ് പഞ്ചാബ്. 18 സീസണിലെ 256 മത്സരത്തില്‍ നിന്നും 241 പോയിന്റുമായാണ് പഞ്ചാബ് ആറാം സ്ഥാനത്തുള്ളത്.

279 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ മുംബൈയ്‌ക്കൊപ്പം അഞ്ച് കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം സ്ഥാനത്താണ്.

ഒത്തുകളി വിവാദത്തിന്റെ പേരില്‍ രണ്ട് വര്‍ഷം വിലക്ക് നേരിടേണ്ടി വന്നതാണ് ടീമിനെ നാലാം സ്ഥാനത്തേക്ക് തള്ളിയിട്ടത്. സൂപ്പര്‍ കിങ്‌സിന് പകരമെത്തിയ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഈ രണ്ട് സീസണിലുമായി നേടിയ പോയിന്റ് കൂടി ചേര്‍ക്കുകയാണെങ്കില്‍ ഒന്നാമതെത്താന്‍ സൂപ്പര്‍ കിങ്‌സിന് സാധിക്കുമായിരുന്നു.

ഒരു സീസണില്‍ മാത്രം വന്നുപോയ കൊച്ചി ടസ്‌കേഴ്‌സ് കേരളാണ് ഈ പട്ടികയിലെ അവസാന സ്ഥാനക്കാര്‍

ഐ.പി.എല്‍ ഓള്‍ ടൈം പോയിന്റ് ടേബിള്‍

(ടീം – ആകെ മത്സരം – വിജയം – തോല്‍വി – നോ റിസള്‍ട്ട് – പോയിന്റ് എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 256 – 139 – 116 – 1 – 279

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 256 – 126 – 122 – 0 – 260

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 256 – 126 – 123 – 7 – 259

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 228 – 125 – 100 – 3 – 253

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 256 – 120 – 132 – 4 – 244

പഞ്ചാബ് കിങ്‌സ് – 256 – 111 – 135 – 1 – 241

രാജസ്ഥാന്‍ റോയല്‍സ് – 228 – 120 – 111 – 6 – 228

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 184 – 88 – 93 – 3 – 179

ഗുജറാത്ത് ടൈറ്റന്‍സ് – 56 – 34 – 20 – 2 – 70

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 56 – 30 – 25 – 1 – 61

ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 72 – 27 – 44 – 1 – 55

റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 28 – 14 – 1 4 – 0 – 28

ഗുജറാത്ത് ലയണ്‍സ് – 28 – 13 – 15 – 0 – 26

പൂനെ വാറിയേഴ്‌സ് ഇന്ത്യ – 46 – 12 – 33 – 1 – 25

കൊച്ചി ടസ്‌കേഴ്‌സ് കേരള – 14 – 6 – 8 – 0 – 12

 

Content Highlight: IPL all time points table