| Thursday, 7th May 2026, 5:42 pm

ലോകം കീഴടക്കാന്‍ കിങ്ങിറങ്ങുന്നു; ചരിത്രനേട്ടത്തിനരികെ വിരാട്

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്. ഇന്ന് (മെയ് ഏഴ്) നടക്കുന്ന മത്സരത്തിന് ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ടി – 20യില്‍ 14000 റണ്‍സ് എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാനാണ് അവസരമുള്ളത്. ഇതിനായി താരത്തിന് വേണ്ടത് 78 റണ്‍സാണ്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

നിലവില്‍ ടി – 20യില്‍ വിരാടിന് 13922 റണ്‍സാണുള്ളത്. 406 ഇന്നിങ്സുകളില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് നേടിയത്. ഈ ഫോര്‍മാറ്റില്‍ താരം ഇന്ത്യ, ഇന്ത്യന്‍സ്, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.

ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ ഈ നാഴികക്കല്ല് പിന്നിടാനായാല്‍ ടി – 20 യില്‍ 14000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പട്ടവും തന്റെ പേരില്‍ ചേര്‍ക്കാന്‍ വിരാടിന് സാധിക്കും. കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കാം.

ഇന്ത്യൻ ടീമിൽ കളിക്കുന്ന വിരാട് കോഹ്‌ലി.

ക്രിസ് ഗെയ്ല്‍, കിറോണ്‍ പൊള്ളാര്‍ഡ്, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. ലഖ്നൗവിനെതിരെ തിളങ്ങാനായാല്‍ വിരാടിന് ഇവരോടൊപ്പം തന്റെ പേരും എഴുതി ചേര്‍ക്കാം.

അതേസമയം, ഈ സീസണില്‍ വിരാട് തകര്‍പ്പന്‍ ഫോമിലാണ്. ഒമ്പത് മത്സരങ്ങളില്‍ കളിച്ച താരം ഇതുവരെ 379 റണ്‍സ് എടുത്തിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഈ സീസണില്‍ താരം അടിച്ചത്. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 54.14 ശരാശരിയിലും 165.50 സ്‌ട്രൈക്ക് റേറ്റിലുമാണ് കിങ് തന്റെ വേട്ട തുടരുന്നത്.

Content Highlight: IPL 2026:  Virat Kohli needs 78 runs to complete 14000 runs in T20s

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more