| Tuesday, 21st April 2026, 10:10 pm

അഭിഷേകിന്റെ ആട്ടത്തില്‍ അടിപതറി സഞ്ജുവും; ചേട്ടന്റെ സിംഹാസനം തട്ടിയെടുത്താണ് ഇവന്റെ തേരോട്ടം!

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 59 റണ്‍സെടുത്തിട്ടുണ്ട്. 17 പന്തില്‍ 27 റണ്‍സെടുത്ത നിതീഷ് റാണയും 13 പന്തില്‍ 22 റണ്‍സെടുത്ത കെ.എല്‍ രാഹുലുമാണ് ക്രീസിലുള്ളത്.

പാതും നിസങ്കയെയാണ് ടീമിന് നഷ്ടമായത്. ആറ് പന്തില്‍ എട്ട് റണ്‌സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ദില്‍ഷന്‍ മധുശങ്കയാണ് വിക്കറ്റ് വീഴ്ത്തിയത്.

സെഞ്ച്വറി നേടിയ അഭിഷേക് ശർമ. Photo: IndianPremierLeague/x.com

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തിരുന്നു. അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ടീം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 68 പന്തില്‍ പുറത്താവാതെ 135 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പത്ത് വീതം സിക്‌സുകളും ഫോറുകളാണ് ഈ ഇന്നിങ്‌സില്‍ അഭിഷേകിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. 198.53 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇടം കൈയ്യന്‍ ഓപ്പണറുടെ താണ്ഡവം.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും അഭിഷേക് തന്റെ പേരില്‍ ചാര്‍ത്തി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സുകളില്‍ ആറോ അതിലധികമോ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ എന്ന നേട്ടമാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. ഒമ്പത് ഇന്നിങ്സുകളിലാണ് താരം ആറിൽ കൂടുതല്‍ സിക്‌സുകള്‍ അടിച്ചത്.

സഞ്ജു സാംസൺ. Photo: iplt20.com

മലയാളി താരം സഞ്ജു സാംസണിനെ മറികടന്നാണ് അഭിഷേകിന്റെ ഈ നേട്ടം. സഞ്ജു എട്ട് ഇന്നിങ്സിലാണ് ആറില്‍ കൂടുതല്‍ തവണ സിക്‌സ് അടിച്ചിട്ടുള്ളത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സുകളില്‍ 6+ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്

അഭിഷേക് ശര്‍മ – 9

സഞ്ജു സാംസണ്‍ – 8

റിഷബ് പന്ത് – 8

യൂസഫ് പത്താന്‍ – 5

ശ്രേയസ് അയ്യര്‍ – 5

കെ.എല്‍. രാഹുല്‍ – 5

ശുഭ്മന്‍ ഗില്‍ – 5

അഭിഷേകിന് പുറമെ, ഹെന്റിക് ക്ലാസനും ട്രാവിസ് ഹെഡും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്ലാസന്‍ 13 പന്തില്‍ 37 റണ്‍സും ഹെഡ് 26 പന്തില്‍ 37 റണ്‍സും നേടി. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 13 പന്തില്‍ 25 റണ്‍സും സംഭാവന ചെയ്തു.

ദല്‍ഹിക്കായി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Content Highlight: IPL 2026: SRH vs DC: Abhishek Sharma tops the list of Indians with most IPL innings with 6 or more Sixes by surpassing Sanju Samson

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more