| Monday, 13th April 2026, 1:34 pm

കിങ്ങിനൊപ്പം ഇനി ഹിറ്റ്മാനും; ഐ.പി.എല്ലില്‍ ഇവരെ വെല്ലാന്‍ മറ്റാരുമില്ല

ഫസീഹ പി.സി.

സൂപ്പര്‍ താരം രോഹിത് ശര്‍മ കഴിഞ്ഞ ദിവസം സൂപ്പര്‍ നേട്ടം സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിനായി 6000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ താരം ഈ നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ രോഹിത് 13 പന്തില്‍ 19 റണ്‍സെടുത്തിരുന്നു. ഒരു സിക്സും രണ്ട് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. ഈ ഇന്നിങ്‌സിനിടെയാണ് ഹിറ്റ്മാന്റെ ചരിത്ര നേട്ടം.

ആര്‍.സി.ബിക്കെതിരെ ആറ് റണ്‍സ് നേടിയതോടെയാണ് 38കാരന്‍ ഈ നാഴികക്കല്ലിലെത്തിയത്. നിലവില്‍ താരത്തിന് 231 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും 40 അര്‍ധ സെഞ്ച്വറികളുമടക്കം 6013 റണ്‍സുണ്ട്.

മുംബൈ ജേഴ്‌സിയില്‍ ഈ ചരിത്ര നേട്ടം കുറിച്ചതോടെ ഒരു അപൂര്‍വ നേട്ടവും രോഹിത് കരസ്ഥമാക്കി. ഐ.പി.എല്‍ ഒരു ടീമിനായി 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വലം കൈയ്യന്‍ ബാറ്റര്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലി മാത്രമാണ്. ഐ.പി.എല്ലില്‍ ഇതുവരെ ആര്‍.സി.ബി ജേഴ്‌സിയില്‍ മാത്രം കളത്തിലിറങ്ങിയ 37കാരന്‍ ടീമിനായി 8840 റണ്‍സെടുത്തിട്ടുണ്ട്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഐ.പി.എല്ലില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 8840

രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – 6013

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്സ് – 4865

സുരേഷ് റെയ്‌ന – ചെന്നൈ സൂപ്പര്‍ കിങ്സ് – 4687

എ.ബി ഡി വില്ലിയേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 4491

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

അതേസമയം, മുംബൈയുടെ അടുത്ത മത്സരം പഞ്ചാബ് കിങ്സുമായാണ്. ഏപ്രില്‍ 16നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2026: Rohit Sharma joins with Virat Kohli in batters with 6000+ runs for a single IPL team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more