| Thursday, 14th May 2026, 8:54 am

കോഹ്‌ലിയുടെ അതിരടിയില്‍ ഗെയ്ലും വീണു; സിംഹാസനത്തില്‍ കിങ്ങല്ലാതെ മറ്റാര്!

ഫസീഹ പി.സി.

സൂപ്പര്‍ താരം വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം ടി – 20 ക്രിക്കറ്റില്‍ 14000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരുന്നു. ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലാണ് താരത്തിന്റെ ചരിത്ര നേട്ടം.

മത്സരത്തില്‍ കോഹ്‌ലി അപരാജിത സെഞ്ച്വറി നേടിയിരുന്നു. 60 പന്തില്‍ പുറത്താവാതെ 105 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്ന് സിക്‌സറുകളും 11 ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

175.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇന്നിങ്‌സിനിടയില്‍ 78 റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് കോഹ്‌ലി 14000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 409ാം ഇന്നിങ്സിലാണ് താരത്തിന്റെ നേട്ടം. ഇതോടെ ഈ നേട്ടത്തില്‍ ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തില്‍ എത്തുന്ന താരമെന്ന പട്ടവും വിരാട് സ്വന്തം പേരില്‍ കുറിച്ചു.

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടന്നാണ് കോഹ്‌ലിയുടെ ഈ കുതിപ്പ്. ഗെയ്ല്‍ 423 ഇന്നിങ്സുകളില്‍ കളിച്ചാണ് 14000 ടി – 20 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിനെ പിന്തള്ളിയാണ് കോഹ്‌ലി ഇപ്പോള്‍ തലപ്പത്തെത്തിയിരിക്കുന്നത്.

ടി – 20യില്‍ ഏറ്റവും വേഗത്തില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

(താരം – ടീം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 409

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 423

ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രലിയ – 431

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 468

അലക്‌സ് ഹെയ്ല്‍സ് – ഇംഗ്ലണ്ട് – 505

വിരാട് കോഹ്‌ലി. Photo: iplt20.com

നിലവില്‍ വിരാടിന് ടി – 20 ക്രിക്കറ്റില്‍ 14027 റണ്‍സുണ്ട്. കുട്ടി ക്രിക്കറ്റില്‍ അഞ്ച് ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് താരത്തിന്റെ ചരിത്രനേട്ടം. ഇന്ത്യ, ഇന്ത്യന്‍സ്, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളിലാണ് താരം ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളത്.

Content Highlight: IPL 2026:  RCB vs KKR: Virat Kohli quickest player to reach 14000 T20 runs by surpassing Chris Gayle

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more