| Saturday, 25th April 2026, 7:11 pm

ആളിക്കത്തി പ്രഭ്‌സിമ്രാനും പ്രിയാന്‍ഷും; ഹൈദരബാദ് തലപ്പത്തുള്ള ലിസ്റ്റില്‍ ഉദയസൂര്യന്മാരെ തന്നെ വെട്ടി അയ്യര്‍പ്പട

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ 2026ല്‍ പഞ്ചാബ് കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ 11 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം സ്‌കോര്‍ മൂന്ന് വിക്കറ്റിന് 161 റണ്‍സെടുത്തിയിട്ടുണ്ട്. പത്ത് പന്തില്‍ 15 റണ്‍സെടുത്ത ശ്രേയസ് അയ്യരും നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത നേഹല്‍ വധേരയുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ പഞ്ചാബ് 5.2 ഓവറില്‍ തന്നെ 100 റണ്‍സിലെത്തിയിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്നാണ് ടീമിന് മികച്ച അടിത്തറ നല്‍കിയത്. പ്രഭ്‌സിമ്രാന്‍ 26 പന്തില്‍ 76 റണ്‍സുമായും പ്രിയാന്‍ഷ് 17 പന്തില്‍ 43 റണ്‍സുമായി തിരികെ നടന്നു.

പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും. Photo: IndianPremierLeague/x.com

ഇരുവരും പുറത്താവുന്നതിന് മുമ്പ് ഒരു സൂപ്പര്‍ നേട്ടത്തില്‍ പഞ്ചാബിന്റെ പേര് എഴുതി ചേര്‍ത്തിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പവര്‍ പ്ലേ സ്‌കോര്‍ എന്ന നേട്ടമാണ് അയ്യര്‍പ്പട തങ്ങളുടെ പേരിലാക്കിയത്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 116 റണ്‍സായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പിന്തള്ളിയാണ് ടീമിന്റെ നേട്ടം.

2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ എസ്.ആര്‍.എച്ച് 107 റണ്‍സെടുത്തിരുന്നു. ഇതായിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോള്‍ ഈ റെക്കോഡ് തിരുത്തിയെഴുതിയാണ് പഞ്ചാബ് സ്ഥാനം കരസ്ഥമാക്കിയത്. ഈ ലിസ്റ്റില്‍ ഒന്നാമത് ദല്‍ഹിക്കെതിരെ 2024ല്‍ എസ്.ആര്‍.എച് നേടിയ 125 റണ്‍സാണ്.

ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍

(സ്‌കോര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

125/0 – സണ്‍റൈസേഴ്‌സ് ഹൈദരബാദ് – ദല്‍ഹി ക്യാപിറ്റല്‍സ് – 2024

116/0 – പഞ്ചാബ് കിങ്സ് – ദല്‍ഹി ക്യാപിറ്റല്‍സ് – 2026

107/0 – സണ്‍റൈസേഴ്‌സ് ഹൈദരബാദ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് -2024

105/0 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – പഞ്ചാബ് കിങ്സ് – 2026*

105/0 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2017

100/2 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – പഞ്ചാബ് കിങ്‌സ് – 2014

97/1 – രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2026

പഞ്ചാബിന് കോപ്പര്‍ കനോലിയെയും നഷ്ടമായിട്ടുണ്ട്. ദല്‍ഹിക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകളും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

കെ.എൽ രാഹുൽ. Photo: IndianPremierLeague/x.com

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കെ.എല്‍. രാഹുലിന്റെ റെക്കോഡ് ബ്രേക്കിങ് ബാറ്റിങ് കരുത്തില്‍ രണ്ടിന് 264 റണ്‍സെടുത്തിരുന്നു. രാഹുല്‍ 67 പന്തില്‍ 152 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ നിതീഷ് റാണ 44 പന്തില്‍ 91 റണ്‍സ് നേടി മികവ് പുലര്‍ത്തി.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും സേവ്യര്‍ ബാര്‍ട്ട്ലെറ്റും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: IPL 2026: Punjab Kings registered second highest power play score in IPL history by surpassing SRH

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more