| Wednesday, 29th April 2026, 8:06 am

ആദ്യ തോല്‍വിയില്‍ ബോണസായി അനാവശ്യനേട്ടവും; നാണക്കേടിന്റെ മുള്‍കിരീടമണിഞ്ഞ് അയ്യര്‍

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം വിരാമം കുറിച്ചിരുന്നു. പഞ്ചാബിന്റെ തട്ടകമായ മുല്ലാന്‍പ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ തോല്‍വി. ഡൊണോവന്‍ ഫെരേരയുടെ കരുത്തിലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.

പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്‍ സീസണിലെ ആറാം വിജയം നേടിയപ്പോള്‍ പഞ്ചാബ് ആദ്യ തോല്‍വിയും രുചിക്കുകയായിരുന്നു.

ശ്രേയസ് അയ്യര്‍. Photo: IndianPremierLeague/x.com

സീസണിലെ ആദ്യ തോല്‍വി നേരിട്ടതോടെ പഞ്ചാബ് ക്യാപ്റ്റന്‍ ഒരു നാണക്കേടില്‍ ഒന്നാമതെത്തി. ഐ.പി.എല്ലില്‍ 200+ ടാര്‍ഗറ്റ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ക്യാപ്റ്റന്‍ എന്ന മോശം നേട്ടമാണ് താരം തന്റെ പേരിലാക്കിയത്. അഞ്ച് തവണയാണ് ഇങ്ങനെ അയ്യര്‍ തോല്‍വി വഴങ്ങിയത്.

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പിന്തള്ളിയാണ് അയ്യര്‍ ഈ അനാവശ്യ നേട്ടത്തിന്റെ തലപ്പത്തെത്തിയത്. ഗില്‍ 200+ ടാര്‍ഗറ്റ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ പരാജയപ്പെട്ടിട്ടുള്ളത് നാല് തവണയാണ്.

ഐ.പി.എല്ലില്‍ 200+ ടാര്‍ഗറ്റ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങിയ ക്യാപ്റ്റന്മാര്‍, എണ്ണം

ശ്രേയസ് അയ്യര്‍ – 5

ശുഭ്മന്‍ ഗില്‍ – 4

റിഷബ് പന്ത് – 3

എം.എസ്. ധോണി – 3

ഫാഫ് ഡു പ്ലെസി – 3

അക്‌സര്‍ പട്ടേല്‍ – 3

അതേസമയം മത്സരത്തില്‍ രാജസ്ഥനായി ഡെണോവന്‍ ഫെരേര 26 പന്തില്‍ പുറത്താവാതെ 52 റണ്‍സും യശസ്വി ജെയ്സ്വാള്‍ 27 പന്തില്‍ 51 റണ്‍സും നേടി തിളങ്ങി. 16 പന്തില്‍ 43 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയും 12 പന്തുകള്‍ നേരിട്ട് പുറത്താവാതെ 31 റണ്‍സ് നേടി ശുഭം ദുബെയും മികവ് പുലര്‍ത്തി.

ഡെണോവന്‍ ഫെരേരയും ശുഭം ദുബെയും. Photo: IndianPremierLeague/x.com

ബൗളിങ്ങില്‍ പഞ്ചാബിനായി യുസ്വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.

പഞ്ചാബിനായി ബാറ്റിങ്ങില്‍ തിളങ്ങിയത് 22 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത മര്‍ക്കസ് സ്റ്റോയ്നിസും 44 പന്തില്‍ 59 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിങ്ങുമാണ്. കൂപ്പര്‍ കനോലിയും ശ്രേയസും 30 റണ്‍സ് വീതം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

രാജസ്ഥനായി യാഷ് പുഞ്ച രണ്ട് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: IPL 2026: PBKS vs RR: Shreyas Iyer became captain to lose most matches while defending 200 targets in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more