ഏറെ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു 2026 ഐ.പി.എല്ലിന് മുന്നോടിയായുള്ള താര ലേലം. 14 കോടിയിലേറെ മുടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് അണ്‍ ക്യാപ്ഡ് താരങ്ങളെ വാങ്ങിയതും ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ഒരു ടീം പോലും സ്വന്തമാക്കാന്‍ താത്പര്യം കാണിക്കാതിരുന്ന ലിയാം ലിവിങ്സ്റ്റണെ 13 കോടിക്ക് സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചതും സര്‍പ്രൈസായി.
ഐ.പി.എല്‍ 2025ന് മുന്നോടിയായി 23.75 കോടി നല്‍കി ടീമിലെത്തിക്കുകയും എന്നാല്‍ മോശം പ്രകടനത്തിന് പിന്നാലെ റിലീസ് ചെയ്യുകയും ചെയ്ത വെങ്കടേഷ് അയ്യരിനെ ഏത് ടീം സ്വന്തമാക്കുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്.
എന്നാല്‍ ഇപ്പോള്‍ കൊല്‍ക്കത്തയോട് മത്സരിച്ച് നിലവിലെ ചാമ്പ്യന്‍മാര്‍ താരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിക്കുകയായിരുന്നു. ഏഴ് കോടിക്കാണ് ബെംഗളൂരു വെങ്കിയെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ വെങ്കിടേഷിന് സാധിച്ചിരുന്നില്ല. 11 മത്സരത്തില്‍ നിന്നും 20.29 ശരാശരിയില്‍ വെറും 142 റണ്‍സാണ് വെങ്കടേഷ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ 67ാം സ്ഥാനക്കാരനായിരുന്നു ഇടംകയ്യന്‍ ബാറ്റര്‍. ഒരു തവണ മാത്രമാണ് താരത്തിന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
എന്നാല്‍ കഴിഞ്ഞ ഒറ്റ സീസണിലെ പ്രകടനം വെച്ച് താരത്തെ വിലയിരുത്തുകയും സാധ്യമല്ല. ഐ.പി.എല്ലിന്റെ ആദ്യ സീസണായ 2008ല്‍, ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ ബ്രണ്ടന്‍ മക്കെല്ലം സെഞ്ച്വറി നേടിയതിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സെഞ്ച്വറി നേടുന്ന രണ്ടാമത് താരമാണ് വെങ്കടേഷ്. ഈ സെഞ്ച്വറിക്കായി കെ.കെ.ആര്‍ കാത്തിരുന്നത് 15 വര്‍ഷമായിരുന്നു എന്നതും ഓര്‍ക്കണം.
ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ താരത്തിന്റെ ബാറ്റിങ് ശൈലിക്ക് ഏറ്റവും യോജിച്ച സ്‌റ്റേഡിയമാണ് ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി. പുതിയ സീസണില്‍ വെങ്കടേഷിന്റെ ബാറ്റില്‍ നിന്നും ചീറിപ്പായുന്ന ഷോട്ടുകള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.