| Thursday, 7th May 2026, 10:02 pm

സെഞ്ച്വറിയില്‍ ജ്വലിച്ച് മാര്‍ഷ്; ലഖ്നൗവിന്റെ സിംഹാസനം ഇനി ഇവന്‍ വാഴും

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ സെഞ്ച്വറിയടിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ്. ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന ലഖ്നൗ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെയാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ 51 പന്തുകള്‍ നേരിട്ട് 107 റണ്‍സുമായാണ് താരം ക്രീസില്‍ നില്‍ക്കുന്നത്.

നേരിട്ട 49ാം പന്തിലായിരുന്നു മാര്‍ഷിന്റെ സെഞ്ച്വറി. 97 റണ്‍സില്‍ നില്‍ക്കെ ഫോറടിച്ചാണ് താരം മൂന്നക്കം കടന്നത്. ഇത് താരത്തിന്റെ ഐ.പി.എല്ലിലെ രണ്ടാമത്തെ സെഞ്ച്വറിയാണ്. ടൂര്‍ണമെന്റിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു.

മിച്ചല്‍ മാര്‍ഷ്. Photo: IndianPremierLeague/x.com

അതിന് ശേഷം ഇപ്പോഴാണ് മാര്‍ഷ് ഐ.പി.എല്ലില്‍ ഒരിക്കല്‍ കൂടി മൂന്നക്കം കടന്നത്. ഈ ഇന്നിങ്‌സിനിടെ ഒമ്പത് വീതം സിക്‌സുകളും ഫോറുകളുമാണ് ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്നും അതിര്‍ത്തി കടന്നത്. 209.8 സ്‌ട്രൈക്ക് റേറ്റിലാണ് ലഖ്നൗ ഓപ്പണര്‍ ബാറ്റേന്തിയത്.

ബെംഗളൂരുവിനെതിരെ മൂന്നക്കം കടന്നതോടെ ഒരു സൂപ്പര്‍ നേട്ടവും മാര്‍ഷ് സ്വന്തമാക്കി. ലഖ്നൗവിനായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന പട്ടമാണ് ഓസീസ് ക്യാപ്റ്റന്‍ തന്റെ പേരില്‍ കുറിച്ചത്.

അതേസമയം, നിലവില്‍ മത്സരം മഴ മൂലം തടസപ്പെട്ടിരിക്കുകയാണ്. 14 ഓവറുകള്‍ പിന്നിടുമ്പോള്‍ ലഖ്നൗ ഒരു വിക്കറ്റിന് 145 റണ്‍സെടുത്തിട്ടുണ്ട്. ഇതില്‍ പകുതിയിലധികം മാര്‍ഷിന്റെ ബാറ്റില്‍ നിന്നാണ് വന്നതതെന്ന് ഇതിനോട് ചേര്‍ത്തുവെക്കണം. മാര്‍ഷിനൊപ്പം നിക്കോളാസ് പൂരനാണ് ക്രീസിലുള്ളത്. ഒമ്പത് പന്തില്‍ 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ലഖ്നൗവിന് ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ വിക്കറ്റാണ് നഷ്ടമായത്. 24 പന്തില്‍ 17 റണ്‍സാണ് താരത്തിന് എടുക്കാന്‍ സാധിച്ചത്. ക്രുണാല്‍ പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ചായിരുന്നു താരത്തിന്റെ മടക്കം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), അക്ഷത് രഘുവംശി, ഹിമ്മത് സിങ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിങ് രാഥി, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്ലി, ജേക്കബ് ബേഥല്‍, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം.

Content Highlight: IPL 2026: LSG vs RCB: Mitchell Marsh registers fastest hundred of LSG player in IPL history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more