2026ല്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരം എകാന സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് 93 റണ്‍സെടുത്തിട്ടുണ്ട്. 27 പന്തില്‍ 27 റണ്‍സെടുത്ത റിങ്കു സിങ്ങും സുനില്‍ നരെയ്നുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ കൊല്‍ക്കത്ത താരം ആംഗ്രിഷ് രഘുവംശി പുറത്തായ രീതിയാണ് ഇപ്പോള്‍ ക്രിക്കറ്റിലെ ചർച്ചാവിഷയം. എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി നില്‍ക്കെ താരം ഒബ്‌സ്ട്രക്റ്റിങ് ഫീല്‍ഡിങ്ങിനാണ് താരത്തിന് തിരികെ നടക്കേണ്ടി വന്നത്.
പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു സംഭവം. ആ ഓവറിലെ അവസാന പന്തില്‍ രഘുവംശി സിംഗിളെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള കാമറൂണ്‍ ഗ്രീന്‍ താരത്തിനോട് മടങ്ങാന്‍ ആവശ്യപ്പെട്ടു.
രഘുവംശി വളരെ പെട്ടെന്ന് തന്നെ തിരികെ ഓടി. റണൗട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ താരം ക്രീസിലേക്ക് ഡൈവ് ചെയ്തു. അതിനിടെ പന്ത് എടുത്ത മുഹമ്മദ് ഷമി സ്റ്റംപിനെ ലക്ഷ്യമാക്കി എറിഞ്ഞു. അത് രഘുവംശിയുടെ ശരീരത്തില്‍ തട്ടിയതോടെ എല്‍.എസ്.ജി അപ്പീല്‍ ചെയ്തു.
റിവ്യൂവില്‍ രഘുവംശി പന്തിനെ നോക്കി ദിശ മാറ്റിയെന്ന് കണ്ടെത്തിയതോടെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഒബ്‌സ്ട്രക്റ്റിങ് ഫീല്‍ഡിങ്ങിന് പുറത്തായതോടെ കൊല്‍ക്കത്ത താരം ഒരു നാണക്കേടിലും തന്റെ പേര് ചേര്‍ത്തു.
ഐ.പി.എല്ലില്‍ ഒബ്‌സ്ട്രക്റ്റിങ് ഫീല്‍ഡിങ്ങിന് പുറത്തായ നാലാമത്തെ താരമെന്ന മോശം നേട്ടമാണ് രഘുവംശി തന്റെ പേരില്‍ കുറിച്ചത്. യൂസഫ് പത്താന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഇതിന് മുമ്പേ ഇങ്ങനെ പുറത്തായത്.
(താരം – ടീം – റണ്‍സ് – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
യൂസഫ് പത്താന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 72 (44) – പുണെ വാരിയേഴ്സ് ഇന്ത്യ – 2013
അമിത് മിശ്ര – ദല്‍ഹി ക്യാപിറ്റല്‍സ് – 1 (2) – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2019
രവീന്ദ്ര ജഡേജ – ചെന്നൈ സൂപ്പര്‍ കിങ്സ് – 5 (6) – രാജസ്ഥാന്‍ റോയല്‍സ് – 2024
ആംഗ്രിഷ് രഘുവംശി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 9 (8) – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് -2026*
മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്ക് കാമറൂണ്‍ ഗ്രീന്‍ (21 പന്തില്‍ 34), അജിന്‍ക്യ രഹാനെ (15 പന്തില്‍ പത്ത്), രമണ്‍ദീപ് സിങ് (11 പന്തില്‍ ആറ്), റോവ്മാന്‍ പവല്‍ (നാല് പന്തില്‍ ഒന്ന്), ടിം സിഫെര്‍ട്ട് (ബ്രൗണ്‍സ് ഡക്ക്), അനുകുല്‍ റോയ് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരെയും നഷ്ടമായിട്ടുണ്ട്.
മൊഹ്‌സിൻ ഖാൻ. Photo: iplt20.com
ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍ അഞ്ച് വിക്കറ്റുകളും ജോര്‍ജ് ലിന്‍ഡെ ഒരു വിക്കറ്റും വീഴ്ത്തി.
അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ടിം സിഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി, റോവ്മാന്‍ പവല്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി.
മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, മുകുള്‍ ചൗധരി, ജോര്‍ജ് ലിന്‍ഡെ, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, ദിഗ്സിവ് സിങ് രാഥി, മൊഹ്സിന്‍ ഖാന്‍.
Content Highlight: IPL 2026: LSG vs KKR: Angrish Raghuvanshi became fourth batter to got out for obstructing field in IPL