| Friday, 10th April 2026, 6:30 pm

ലഖ്നൗവിന് പ്രോട്ടിയാസ് കരുത്ത്; പന്തും സംഘവും ഇനി ഡബിള്‍ സ്‌ട്രോങ്ങ്!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ നിന്ന് പരിക്കേറ്റ് പുറത്തായ വാനിന്ദു ഹസരങ്കയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. സൗത്ത് ആഫ്രിക്കന്‍ താരം ജോര്‍ജ് ലിന്‍ഡെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് പ്രോട്ടിയാസ് താരത്തെ ലഖ്നൗ ടീമിലെത്തിച്ചത്.

ടി – 20യില്‍ 37 മത്സരങ്ങളില്‍ ലിന്‍ഡ സൗത്ത് ആഫ്രിക്കക്കായി കളിച്ചിട്ടുണ്ട്. ബാറ്റിങ് ഓള്‍റൗണ്ടറായ താരം 26 ഇന്നിങ്സുകളില്‍ നിന്ന് 403 റണ്‍സാണ് അടിച്ചെടുത്തത്. 36 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ താരം 35 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ജോർജ് ലിൻഡെ. Photo: Johns/x.com

സൗത്ത് ആഫ്രിക്കക്കായി ലിന്‍ഡെ ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറിയിട്ടുണ്ട്. നാല് ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റുകളിലുമാണ് പ്രോട്ടിയാസ് കുപ്പായത്തില്‍ താരം കളത്തിലിറങ്ങിയത്.

ലിന്‍ഡെ ഇത് ആദ്യമായാണ് ഒരു ഐ.പി.എല്‍ ടീമിന്റെ ഭാഗമാകുന്നത്. എന്നാല്‍, ഇതിന് മുമ്പ് താരം പല ടി – 20 ലീഗുകളില്‍ കളിച്ചിട്ടുണ്ട്. എസ്.എ20 , ദി ഹണ്‍ഡ്രഡ്, മേജര്‍ ക്രിക്കറ്റ് ലീഗ്, പി.എസ്.എല്‍ എന്നിവയിലാണ് താരം കളിച്ചത്. 250 ടി – 20കളില്‍ കളിച്ച 34കാരന് 218 വിക്കറ്റുകളും 2746 റണ്‍സുമുണ്ട്.

വാനിന്ദു ഹസരങ്ക.

കഴിഞ്ഞ ദിവസമാണ് ഹസരങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. താരത്തിന് ഇടത് കാലിന്റെ ഹാംസ്ട്രിങ്ങിനായിരുന്നു പരിക്ക്. 2026 ടി – 20 ലോകകപ്പിനിടെ ശ്രീലങ്കയുടെ ആദ്യ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നാലെ ഹസരങ്കയ്ക്ക് ലോകകപ്പ് പൂര്‍ണമായി നഷ്ടമായിരുന്നു.

അതേസമയം, ലഖ്നൗ നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. ടീമിന് മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചതോടെ നാല് പോയിന്റുണ്ട്. -0. 359 നെറ്റ് റണ്‍റേറ്റാണുള്ളത്.

Content Highlight: IPL 2026: LSG announced George Linde as replacement for Wanindu Hasaranga

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more