| Saturday, 25th April 2026, 10:07 pm

ദല്‍ഹിയ്ക്ക് ആശ്വാസം; എന്‍ഗിഡിയുടെ പരിക്കില്‍ അപ്‌ഡേഷനിങ്ങനെ.....

ഫസീഹ പി.സി.

പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ദല്‍ഹി ക്യാപിറ്റല്‍സ് ലുങ്കി എന്‍ഗിഡിയുടെ ആരോഗ്യസ്ഥിതിയില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. താരത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ് എന്നാണ് വിവരം. പേസര്‍ ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ഔദ്യോഗികമായി അറിയിച്ചു.

മത്സരത്തില്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍ഗിഡിയ്ക്ക് പരിക്കേറ്റത്. ദല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു സംഭവം. അക്‌സറിന്റെ പന്തില്‍ ക്രീസിലുണ്ടായിരുന്ന പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ വലിയ ഷോട്ടിന് ശ്രമിച്ചു.

അത് പിഴച്ചതോടെ മിഡ് ഓഫില്‍ നിന്ന് എന്‍ഗിഡി പിന്നോട്ടാഞ്ഞ് ക്യാച്ച് എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കാതെ നിയന്ത്രം നഷ്ടപ്പെട്ട് പിന്നോട് മറിഞ്ഞു വീണു. അതോടെ തല ശക്തിയായി ഗ്രൗണ്ടില്‍ ഇടിച്ചു. വേദനയുമായി ഗ്രൗണ്ടില്‍ പുളഞ്ഞ താരത്തെ ഉടനെ തന്നെ ടീം മെഡിക്കല്‍ ടീമെത്തി പരിശോധിച്ചു.

എന്‍ഗിഡിയ്ക്ക് പരിക്കേറ്റതോടെ പത്ത് മിനിറ്റോളം കാള്‍ നിര്‍ത്തിവെച്ചിരുന്നു. വൈകാതെ ഗ്രൗണ്ടിലേക്ക് ആംബുലന്‍സെത്തിച്ച് താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെട്ടതോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

എന്‍ഗിഡിയെ ഗ്രൗണ്ടില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുപോയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. താരത്തിന്റെ നില തൃപ്തികരമാണെന്ന വാര്‍ത്ത വലിയ ആശ്വാസമാണ് ദല്‍ഹി ടീമിനും ക്രിക്കറ്റ് ആരാധകര്‍ക്കും നല്‍കുന്നത്.

അതേസമയം, മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ദല്‍ഹി പഞ്ചാബ് കിങ്സിനോട് പരാജയപ്പെട്ടു. ഏഴ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ദല്‍ഹിക്കായി കെ.എല്‍ രാഹുല്‍ 152 റണ്‍സും നിതീഷ് റാണ 91 റണ്‍സും നേടിയെങ്കിലും ബൗളര്‍മാര്‍ക്ക് റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തതോടെ തോല്‍ക്കുകയായിരുന്നു.

Content Highlight: IPL 2026: Delhi Capitals confirms Lungi Ngidi is stable and due to discharged shortly

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more