| Thursday, 23rd April 2026, 11:39 pm

സഞ്ജുവും അകീല്‍ ഹൊസൈനും പഞ്ഞിക്കിട്ടു; എല്‍ ക്ലാസിക്കോ ജയിച്ച് ചെന്നൈ

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ എല്‍ ക്ലാസിക്കോയില്‍ ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിനാണ് ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞത്. സഞ്ജു സാംസണിന്റെയും അകീല്‍ ഹൊസൈനിന്റെയും കരുത്തിലാണ് സിംഹപടയുടെ വിജയം.

ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് മൂന്നാം ഓവറില്‍ തന്നെ 14 പന്തില്‍ 22 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. അള്ളാ ഗസന്‍ഫറാണ് താരത്തെ പുറത്താക്കിയത്. ഏറെ വൈകാതെ വണ്‍ ഡൗണായി ഇറങ്ങിയ സര്‍ഫറാസ് ഖാന്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി. എട്ട് പന്തില്‍ 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

11 ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും പിന്നാലെത്തിയ ശിവം ദുബെയും (എട്ട് പന്തില്‍ അഞ്ച്) ഡെവാള്‍ഡ് ബ്രെവിസും (11 പന്തില്‍ 21) കൂടാരം കയറിയിരുന്നു. ഗസന്‍ഫറിനും സാന്റ്‌നര്‍ക്കുമായിരുന്നു ഈ വിക്കറ്റുകള്‍.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ക്രീസില്‍ പിടിച്ച് നിന്ന സഞ്ജു അതിനകം തന്നെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പിന്നാലെത്തിയ കാര്‍ത്തിക് ശര്‍മയുമായി സഞ്ജു 43 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍, 19 പന്തില്‍ 18 റണ്‍സെടുത്ത് കാര്‍ത്തിക് മടങ്ങി. ജസ്പ്രീത് ബുംറക്കാണ് വിക്കറ്റ്. 18ാം ഓവറില്‍ ജെയ്മി ഓവര്‍ട്ടന്‍ (ഏഴ് പന്തില്‍ 15) തിരികെ നടന്നു. അശ്വനി കുമാറാണ് താരത്തെ മടക്കിയത്.

അതോടെ അകീല്‍ ഹൊസൈന്‍ ക്രീസിലെത്തി. താരത്തെ കാഴചക്കാരനാക്കി സഞ്ജു ടീം സ്‌കോര്‍ ഉയര്‍ത്തി. അവസാന പന്തില്‍ ഫോറടിച്ച് താരം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. താരം 54 പന്തില്‍ 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അതോടെ ചെന്നൈ ആറ് വിക്കറ്റിന് 207 റണ്‍സിലെത്തി.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. മൂന്ന് ഓവറില്‍ മൂന്ന് താരങ്ങള്‍ കൂടാരം കയറി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അകീല്‍ ഹൊസൈനും ഒരു വിക്കറ്റുമായി മുകേഷ് ചൗധരിയുമാണ് മുംബൈ ടോപ് ഓര്‍ഡറിനെ തകര്‍ത്തത്.

പിന്നാലെ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ സഖ്യം ടീമിനെ രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, ഏറെ വൈകാതെ തിലക് 29 പന്തില്‍ 37 റണ്‍സുമായി അകീല്‍ ഹൊസൈന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെത്തിയ ഹര്‍ദിക് പാണ്ഡ്യയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡും നൂര്‍ അഹമ്മദിന്റെ ഓവറിലെ ആദ്യ രണ്ട് പന്തില്‍ തന്നെ തിരികെ നടന്നു.

അതിന് ശേഷം ക്രീസിലെത്തിയ ഒരു താരത്തിന് വലിയ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ മുംബൈ ഇന്നിങ്സ് 104ല്‍ അവസാനിച്ചു. ഇതോടെ ഐ.പി.എല്ലില്‍ അവസാന അഞ്ച് മത്സരങ്ങളില്‍ മുംബൈക്കെതിരെ വിജയം സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

Content Highlight: IPL 2026: CSK vs MI: Chennai Super Kings defeated Mumbai Indians by 103 runs

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more