സഞ്ജുവിന് സി.എസ്.കെയുടെ ക്യാപ്റ്റൻസി ലഭിക്കാത്തത് ഒരു പ്രശ്നമല്ല: ആകാശ് ചോപ്ര
Sports News
സഞ്ജുവിന് സി.എസ്.കെയുടെ ക്യാപ്റ്റൻസി ലഭിക്കാത്തത് ഒരു പ്രശ്നമല്ല: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th November 2025, 7:22 am

സഞ്ജു സാംസണിന് കരിയറിന്റെ ഈ ഘട്ടത്തിൽ ക്യാപ്റ്റൻ അല്ലെന്നോ ഏത് ടീമിന് വേണ്ടി കളിക്കുന്നുവെന്നോ എന്നതല്ല പ്രധാനമെന്നും നന്നായി കളിക്കുക എന്നതിനാവും മുൻഗണനയെന്നും ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. പുതിയ ഐ.പി.എൽ സീസണിൽ താരം മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിന് ഇത് പുതിയൊരു അവസരമാണെന്നും തിളങ്ങാനായാൽ രാജസ്ഥാനെ പോലെ ചെന്നൈയിലും അംഗീകരിക്കപ്പെടുമെന്നും മുൻ ക്രിക്കറ്റർ പറഞ്ഞു. ദി ക്വിന്റിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘സഞ്ജു സാംസണിന് ഈ ഘട്ടത്തിൽ റൺസ് നേടുകയെന്നതാവും പ്രധാനം. ഏത് ടീമിന് വേണ്ടി കളിക്കുന്നുവെന്നോ ക്യാപ്റ്റനാണോയെന്നത് അവന് പ്രശ്നമല്ല. ഇന്ത്യൻ ടീമിന്റെ ചർച്ചകളിൽ ഇപ്പോഴും ഉയർന്ന കേൾക്കുന്ന പേരാണ് അവന്റേത്. കൂടാതെ, അവന് മികച്ച ആരാധകരുണ്ട്, അവനെ ആളുകൾ സ്നേഹിക്കുകയും അംഗീകരിക്കുകയും അവന്റെ കഴിവ് തിരിച്ചറിയുകയും ചെയ്യുന്നു.

ഇപ്പോൾ സഞ്ജുവിന് റൺസ് നേടിക്കൊണ്ടിരിക്കുകയാണ് പ്രധാനം. അവൻ റൺസ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഞ്ജു ഏറ്റവും കൂടുതൽ കളിച്ച ഫോർമാറ്റാണ് ടി – 20. ഇതിലാണ് ഇന്ത്യൻ ടീമിലേക്ക് വേണ്ടി അവനെ വിലയിരുത്തുന്നത്. ഒരു പുതിയ അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. അവനത് നന്നായി ചെയ്യും,’ ആകാശ് ചോപ്ര

മാസങ്ങളായുള്ള അഭ്യൂഹങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസമാണ് സഞ്ജു ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായത്. സി.എസ്.കെയിൽ നിന്ന് രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറിയാണ് മലയാളി വിക്കറ്റ് കീപ്പറെ മുൻ ചാമ്പ്യന്മാർ താരത്തെ ടീമിൽ എത്തിച്ചത്.

പുതിയ സീസണിന് മുന്നോടിയായി ടീം മാറിയെങ്കിലും സഞ്ജു ഒരു വിക്കറ്റ് കീപ്പർ ബാറ്റർ മാത്രമായിരിക്കും കളത്തിൽ ഇറങ്ങുക. ഋതുരാജ് ഗെയ്ക്വാദായിരിക്കും ചെന്നൈയുടെ ക്യാപ്റ്റനെന്ന് കഴിഞ്ഞ ദിവസം തന്നെ ടീം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം.

Content Highlight: IPL 2026: Akash Chopra says that not getting CSK captaincy won’t matter for Sanju Samson