| Tuesday, 21st April 2026, 9:10 pm

വീണ്ടും റണ്ണഭിഷേകം; സെഞ്ച്വറിയടിച്ച് ഹിറ്റമാനെ വെട്ടി, ഇനി കിങിനൊപ്പം!

ഫസീഹ പി.സി.

ടി – 20 ക്രിക്കറ്റില്‍ മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി സൂപ്പര്‍ താരം അഭിഷേക് ശര്‍മ. കുട്ടി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയോടൊപ്പമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടം പങ്കിടുന്നത്. ഇരുവരും ടി – 20യില്‍ അടിച്ചത് ഒമ്പത് സെഞ്ച്വറികളാണ്.

2026 ഐ.പി.എല്ലില്‍ നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് അഭിഷേക് സെഞ്ച്വറിയടിച്ചത്. നേരിട്ട 47ാം പന്തിലായിരുന്നു താരം മൂന്നക്കം കടന്നത്. ഇത് ഇന്ത്യന്‍ ഓപ്പണറുടെ രണ്ടാമത്തെ ഐ.പി.എല്‍ സെഞ്ച്വറിയാണ്. ഇതോടെയാണ് 25കാരന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സെഞ്ച്വറി നേടിയ അഭിഷേക് ശർമ. Photo: IndianPremierLeague/x.com

ടി – 20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

9 – അഭിഷേക് ശര്‍മ*

9 – വിരാട് കോഹ്‌ലി

8 – രോഹിത് ശര്‍മ

7 – സഞ്ജു സാംസണ്‍

7 – കെ.എല്‍. രാഹുല്‍

7 – ഇഷാന്‍ കിഷന്‍

6 – ഋതുരാജ് ഗെയ്ക്വാദ്

6 – ശുഭ്മന്‍ ഗില്‍

6 – സൂര്യകുമാര്‍ യാദവ്

അതേസമയം, മത്സരത്തില്‍ 17 ഓവറുകള്‍ പിന്നിടുമ്പോള്‍ ഹൈദരബാദ് രണ്ട് വിക്കറ്റിന് 202 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേകും ഹെന്റിക് ക്ലാസനുമാണ് ക്രീസിലുള്ളത്. അഭിഷേക് 60 പന്തില്‍ 127 റണ്‍സും ക്ലാസന്‍ മൂന്ന് പന്തില്‍ ആറ് റണ്‍സുമാണ് എടുത്തിട്ടുള്ളത്.

ട്രാവിസ് ഹെഡിന്റെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഹെഡ് 26 പന്തില്‍ 37 റണ്‍സും ഇഷാന്‍ 13 പന്തില്‍ 25 റണ്‍സുമായും കൂടാരം കയറി. ദല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് നേടി.

Content Highlight: IPL 2026: Abhishek Sharma equals Virat Kohli in most T20 centuries among Indians

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more