വെറും അഞ്ച് മിനിട്ട് കൊണ്ട് പന്തിന്റെ പ്രശ്‌നം പരിഹരിക്കാം; വീണ്ടും തോല്‍വിയായതിന് പിന്നാലെ വമ്പന്‍ പ്രസ്താവനയുമായി മുന്‍ സൂപ്പര്‍ താരം
IPL
വെറും അഞ്ച് മിനിട്ട് കൊണ്ട് പന്തിന്റെ പ്രശ്‌നം പരിഹരിക്കാം; വീണ്ടും തോല്‍വിയായതിന് പിന്നാലെ വമ്പന്‍ പ്രസ്താവനയുമായി മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th May 2025, 6:02 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ പാറ്റ് കമ്മിന്‍സും സംഘവും വിജയിച്ചുകയറിയിരുന്നു. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ എകാനയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ റിഷബ് പന്ത് ഒരിക്കല്‍ക്കൂടി തീര്‍ത്തും പരാജയപ്പെട്ട മത്സരത്തിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐ.പി.എല്‍ 2025ല്‍ നിന്നും പുറത്താവുകയും ചെയ്തു.

ആറ് പന്ത് നേരിട്ട് വെറും ഏഴ് റണ്‍സ് മാത്രമാണ് റിഷബ് പന്തിന് നേടാന്‍ സാധിച്ചത്. ഈ സീസണില്‍ ബാറ്റെടുത്ത 11 മത്സരത്തില്‍ ഇത് ഏഴാം തവണയാണ് പന്ത് ഇരട്ടയക്കം കാണാതെ മടങ്ങുന്നത്.

ഇപ്പോള്‍ ബാറ്റിങ്ങില്‍ റിഷബ് പന്തിന്റെ തെറ്റുകള്‍ വളരെ പെട്ടന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്.

‘റിഷബ് പന്തിന്റെ പ്രശ്‌നം വെറും അഞ്ച് മിനിട്ട് കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ബാറ്റ് ചെയ്യുമ്പോള്‍ അവന്റെ തല നേരെ നില്‍ക്കുന്നില്ല, അവന്റെ ഇടത് ഷോള്‍ഡര്‍ വൈഡ് ഓപ്പണുമാണ്. കുറച്ച് ശ്രദ്ധയോടെ ഈ പ്രശ്‌നങ്ങള്‍ തിരുത്തിയാല്‍ അധികം വൈകാതെ തന്നെ അവന്‍ തന്റെ മികച്ച ഫോമിലേക്ക് മടങ്ങിയെത്തും,’ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ യോഗ്‌രാജ് സിങ് പറഞ്ഞു.

ഈ സീസണില്‍ കളിച്ച 11 ഇന്നിങ്‌സില്‍ നിന്നും 12.27 ശരാശരിയില്‍ 135 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. സ്‌ട്രൈക്ക് റേറ്റാകട്ടെ വെറും 100.00. ടീമിനായി 20 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും ബാറ്റിങ് ശരാശരിയും ക്യാപ്റ്റന്റെ പേരില്‍ തന്നെയാണ്.

0 (6), 15 (15), 2 (5), 2 (6), 21 (18), 63 (49), 3 (9), 0 (2), 4 (2), 18 (17), 7 (6) എന്നിങ്ങനെയാണ് സീസണില്‍ താരത്തിന്റെ പ്രകടനം.

ഇതോടെ പല മോശം റെക്കോഡുകളും പന്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ഐ.പി.എല്‍ സീസണില്‍ ചുരുങ്ങിയത് പത്ത് ഇന്നിങ്സുകള്‍ കളിച്ച ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മോശം ശരാശരിയുള്ള രണ്ടാമത് ക്യാപ്റ്റനെന്ന മോശം നേട്ടമാണ് ഇതിലൊന്ന്. 2021ലെ ധോണിയെ മറികടന്നുകൊണ്ടാണ് താരം ഈ മോശം റെക്കോഡില്‍ രണ്ടാമതെത്തിയത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള ക്യാപ്റ്റന്‍

(താരം – ടീം – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

ഒയിന്‍ മോര്‍ഗന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 11.08 – 2021

റിഷബ് പന്ത് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 12.27 – 2025*

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്സ് – 16.28 – 2021

മായങ്ക് അഗര്‍വാള്‍ – പഞ്ചാബ് കിങ്സ് – 17.86 – 2022

സൗരവ് ഗാംഗുലി – പൂനെ വാറിയേഴ്സ് ഇന്ത്യ – 17.86 – 2012

ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – 18.00 – 2024

ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള ക്യാപ്റ്റന്‍മാരില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒരു സീസണില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമനാണ് പന്ത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള വിക്കറ്റ് കീപ്പര്‍

(താരം – ടീം – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 12.27 – 2025*

നമന്‍ ഓജ – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 12.30 – 2011

ദിനേഷ് കാര്‍ത്തിക് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 12.72 – 2023

ദിനേഷ് കാര്‍ത്തിക് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 12.81 – 2015

നമന്‍ ഓജ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 13.60 – 2016

27 കോടിയെന്ന ഐ.പി.എല്‍ ചരിത്രത്തിലെ റെക്കോഡ് തുകയോടെ ടീമിലെത്തിയ താരത്തിന് ഇതുവരെ തന്നെ വിശ്വസിച്ച ടീമിനോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല.

 

Content Highlight: IPL 2025: Yograj Singh talks about Rishabh Pant and his batting performance