വിരാടിനായി എന്ത് നേടിയാലും മതിയാവില്ല; തുറന്ന് പറഞ്ഞ് ബെംഗളൂരു യുവതാരം
IPL
വിരാടിനായി എന്ത് നേടിയാലും മതിയാവില്ല; തുറന്ന് പറഞ്ഞ് ബെംഗളൂരു യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th June 2025, 4:38 pm

പുതിയ കിരീടാവകാശികളുമായി ഐ.പി.എല്‍ 2025ന് തിരശീല വീണിരിക്കുന്നു. 18 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കന്നി കിരീടത്തില്‍ സ്വന്തമാക്കിയിരുന്നു. കിരീടമില്ലാത്ത രണ്ടു ടീമുകള്‍ മാറ്റുരച്ച ഫൈനലില്‍ പഞ്ചാബ് കിങ്സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ടൂര്‍ണമെന്റിന്റെ എട്ടാം ചാമ്പ്യനായത്.

ഇതോടെ ടീമിന്റെ സൂപ്പര്‍ താരമായ വിരാടിന്റെ കാത്തിരിപ്പിനും അറുതിയായി. കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തം പേരിലെഴുതിയിട്ടും കിട്ടാക്കനിയായി തുടര്‍ന്ന ഐ.പി.എല്‍ കപ്പെന്ന 18ാം നമ്പറുകാരന്റെ സ്വപ്നമാണ് സഫലമായത്.

ഇപ്പോള്‍ ആര്‍.സി.ബി കിരീടം നേടിയതിനെ കുറിച്ച് സംസാരിക്കുകയാണ് ടീമിലെ യുവതാരം യാഷ് ദയാല്‍. വിരാടിന് വേണ്ടി എന്ത് ചെയ്താലും അത് കുറവാണെന്നും ട്രോഫി നേടിയതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ഭാവിയില്‍ അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവ ബൗളര്‍ കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയില്‍ സംസാരിക്കുകയായിരുന്നു യാഷ് ദയാല്‍.

‘വിരാട് ഭയ്യയ്ക്കുവേണ്ടി എന്തു ചെയ്താലും അത് വളരെ കുറവാണ്. അദ്ദേഹം ഈ ഫ്രാഞ്ചൈസിക്ക് 18 വര്‍ഷം നല്‍കി. ടീമിനൊപ്പം അദ്ദേഹം നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. ട്രോഫി നേടിയതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഭാവിയിലും അത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ദയാല്‍ പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ആദ്യ കിരീടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയായിരുന്നു. ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സ് നേടിയിരുന്നു. 54.75 ആവറേജിലും 144.71 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ഈ സീസണില്‍ ബാറ്റേന്തിയത്. റണ്‍വേട്ടക്കാരിലെ മൂന്നാമനായ ബെംഗളൂരു ബാറ്റര്‍ എട്ട് അര്‍ധ സെഞ്ച്വറികളും നേടിയിരുന്നു.

Content Highlight: IPL 2025: Yash Dayal talks about RCB winning IPL trophy and Virat Kohli