അവന്‍ ധോണിയെ വിളിച്ച് സാംസാരിക്കണം; പന്തിന് ഉപദേശവുമായി സേവാഗ്
IPL
അവന്‍ ധോണിയെ വിളിച്ച് സാംസാരിക്കണം; പന്തിന് ഉപദേശവുമായി സേവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th May 2025, 2:06 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് തോറ്റിരുന്നു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 37 റണ്‍സിന്റെ തോല്‍വിയാണ് സൂപ്പര്‍ ജയന്റ്‌സ് വഴങ്ങിയത്.

പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗവിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീസണില്‍ മോശം ഫോമില്‍ തുടരുന്ന ലഖ്നൗ നായകന്‍ റിഷബ് പന്ത് വീണ്ടും നിരാശപ്പെടുത്തി. മത്സരത്തില്‍ 17 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് താരം നേടിയത്. 105.88 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അസ്മത്തുള്ള ഒമര്‍സായ് യുടെ പന്തില്‍ ബിഗ് ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്.

ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. പന്ത് ഐ.പി.എല്ലിലെ തന്റെ പ്രകടനങ്ങളുടെ പഴയ വീഡിയോകള്‍ കാണണമെന്നും അത് താരത്തിന് ആത്മവിശ്വാസം നല്‍കുമെന്നും സേവാഗ് പറഞ്ഞു. പതിവ് ശൈലിയില്‍ നിന്ന് അകന്നുപോകാമെന്നും പരിക്കിനുശേഷം വ്യത്യസ്തമായ ഒരു പന്തിനെയാണ് കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസ്സില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.

‘എന്റെ അഭിപ്രായത്തില്‍, പന്ത് ഐ.പി.എല്ലിലെ തന്റെ പ്രകടനങ്ങളുടെ പഴയ വീഡിയോകള്‍ കാണണം. അത് കാണുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. നിങ്ങളുടെ ഇന്നിങ്സ് എങ്ങനെയാണ് കെട്ടിപ്പടുത്തിരുന്നതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യും. ചിലപ്പോള്‍, നിങ്ങളുടെ പതിവ് ശൈലിയില്‍ നിന്ന് അകന്നുപോകാം. പരിക്കിനുശേഷം നമ്മള്‍ വ്യത്യസ്തമായ ഒരു പന്തിനെയാണ് കാണുന്നത്,’ സേവാഗ് പറഞ്ഞു.

മാനസികമായി താന്‍ ശരിയായി ചിന്തിക്കുന്നില്ലെന്ന് തോന്നിയാല്‍ പന്തിനെ സഹായിക്കാന്‍ കഴിയുന്ന നിരവധി ക്രിക്കറ്റ് താരങ്ങളുണ്ടെന്നും തന്റെ റോള്‍ മോഡലായി ധോണിയെ കരുതുന്നുവെങ്കില്‍ അദ്ദേഹത്തോട് സംസാരിക്കണമെന്നും സേവാഗ് പറഞ്ഞു.

‘അവന് ഫോണ്‍ ഉണ്ട്. പന്തിന് അത് എടുത്ത് ആരെ വേണമെങ്കിലും വിളിക്കാം. മാനസികമായി താന്‍ ശരിയായി ചിന്തിക്കുന്നില്ലെന്ന് തോന്നിയാല്‍, അവനെ സഹായിക്കാന്‍ കഴിയുന്ന നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്. ധോണിയെ തന്റെ റോള്‍ മോഡലായി അവന്‍ കരുതുന്നുവെങ്കില്‍, അദ്ദേഹത്തോട് സംസാരിക്കണം,’ സേവാഗ് പറഞ്ഞു.

പതിനെട്ടാം സീസണില്‍ 27 കോടി രൂപയ്ക്കാണ് ലഖ്നൗ റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ താരമെന്ന ടാഗിനൊത്ത പ്രകടനമല്ല താരം നടത്തുന്നത്. സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി ഒഴിച്ചാല്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.

പുതിയ സീസണില്‍ 12.80 ശരാശരിയില്‍ 128 റണ്‍സും 99.22 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. 0, 15, 2, 2, 21, 63, 3, 0, 4, 18 എന്ന സ്‌കോറുകളാണ് താരം ഈ സീസണില്‍ നേടിയത്.

Content Highlight: IPL 2025: Virender Sehwag talks about Rishabh Pant and advises to talk to MS Dhoni