18 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ ചാമ്പ്യന്മാര്‍ ആയിരിക്കുകയാണ്. രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സില്‍ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം ആര്‍.സി.ബി വിജയത്തിലെത്തിയത് അവിശ്വസനീയമായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.
കിരീടനേട്ടത്തില്‍ ഏറെ സന്തോഷവാനായത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 18 വര്‍ഷം ടീമിനൊപ്പം നിന്നിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ ക്യാപ്റ്റന്‍ കൂടിയായിരുന്നു വിരാട്. ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെ കിരീടനേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്.
വിരാട് കോഹ്‌ലി 18 വര്‍ഷം ഐ.പി.എല്‍ കിരീടത്തിനായി കാത്തിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1989 മുതല്‍ 2011 വരെയാണ് ഒരു കിരീടനേട്ടത്തിനായി കാത്തിരുന്നതെന്ന് സെവാഗ് പറഞ്ഞു. കരിയറില്‍ സച്ചിന് 2011ലെ ലോകകപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മാത്രമല്ല വിലാടിന്റെ കാത്തിരിപ്പിനേക്കാള്‍ വലുതായിരുന്നു സച്ചിന്റേതെന്നും എന്നാല്‍ വിരമിക്കുമ്പോള്‍ ലോകകപ്പ് കിരീടവും ആയാണ് സച്ചിന്‍ കളം വിട്ടതെന്ന് മുന്‍ താരം കൂട്ടിച്ചേര്‍ത്തു. ഇനി ഐ.പി.എല്ലില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ സന്തോഷത്തോടെ വിരാടിന് മടങ്ങാമെന്നും സേവാഗ് പറഞ്ഞു.
‘കോഹ്‌ലി 18 വര്‍ഷം ഒരു ഐ.പി.എല്‍ ട്രോഫിക്കായി കാത്തിരുന്നു. 1989 മുതല്‍ 2011 വരെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാത്തിരുന്നത്. ട്രോഫിക്കായുള്ള സച്ചിന്റെ കാത്തിരിപ്പ് വിരാടിന്റെ ഐ.പി.എല്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിനേക്കാള്‍ നീണ്ടുനിന്നു. സച്ചിന്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. ഒരു ലോകകപ്പ് ട്രോഫിയുമായി മടങ്ങാനാണ് അദ്ദേഹം തീരുമാനിച്ചത്.
വിരാടിന് ഇപ്പോള്‍ ആശ്വാസമുണ്ട്. ആ തീരുമാനം (വിരമിക്കല്‍) എടുക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് സന്തോഷത്തോടെ ഐ.പി.എല്ലില്‍ നിന്ന് വിരമിക്കാന്‍ കഴിയും. ഒരു കളിക്കാരന്‍ ട്രോഫി നേടാന്‍ മത്സരിക്കുന്നു.
പണം വരും പോകും, പക്ഷേ ട്രോഫികള്‍ നേടുന്നതും പ്രധാനമാണ്. ഐ.പി.എല്‍ ട്രോഫിക്കായുള്ള കോഹ്‌ലിയുടെ കാത്തിരിപ്പ് അവസാനിച്ചു. ഈ സീസണില്‍ ബാറ്റ് കൊണ്ട് അദ്ദേഹം വലിയ സംഭാവന നല്‍കി,’ സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു.