ടെസ്റ്റ് മത്സരങ്ങളില്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ മികച്ചതല്ല മറ്റൊന്നും: വിരാട് കോഹ്‌ലി
2025 IPL
ടെസ്റ്റ് മത്സരങ്ങളില്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ മികച്ചതല്ല മറ്റൊന്നും: വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th June 2025, 8:44 pm

18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരശേഷം സമ്മാനദാന ചടങ്ങില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് വിരാട് കോഹ്‌ലി യുവ ക്രിക്കറ്റ് താരങ്ങളോട് സംസാരിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനത്തോടെ കാണണമെന്നും ടെസ്റ്റ് ക്രിക്കറ്റിനായി നിങ്ങളുടെ ഹൃദയവും ആത്മാവും നല്‍കണമെന്നും വിരാട് പറഞ്ഞു. മാത്രമല്ല ടെസ്റ്റ് മത്സരങ്ങളില്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ മികച്ചതല്ല മറ്റൊന്നുമെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

‘ടെസ്റ്റ് ക്രിക്കറ്റിനെ ബഹുമാനത്തോടെ കാണണമെന്ന് ഞാന്‍ യുവ ക്രിക്കറ്റ് കളിക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിനായി നിങ്ങളുടെ ഹൃദയവും ആത്മാവും നല്‍കുക. ആളുകള്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കി നിങ്ങള്‍ നന്നായി കളിച്ചുവെന്ന് പറയുമ്പോള്‍ സന്തോഷം തോന്നുകയും ടെസ്റ്റ് ക്രിക്കറ്റ് എന്താണെന്ന് മനസിലാകുകയും ചെയ്യും.

എനിക്ക് ഈ ഫോര്‍മാറ്റ് വളരെയധികം ഇഷ്ടമാണ്, ടെസ്റ്റ് മത്സരങ്ങളില്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ മികച്ചതല്ല ഇതെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു,’ വിരാട് കോഹ്‌ലി പറഞ്ഞു.

ബെംഗളൂരുവിന് വേണ്ടി 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. മാത്രമല്ല ബൗളിങ്ങില്‍ ബെംഗളൂരുവിന് തുണയായത് ക്രുണാല്‍ പാണ്ഡ്യയുടെ മാച്ച് വിന്നിങ് പ്രകടനമാണ്.

ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ താരം തന്റെ റോള്‍ ഭംഗിയായി ചെയ്തു. നാലോവര്‍ പന്തെറിഞ്ഞ ക്രുണാല്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 4.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

Content Highlight: IPL 2025: Virat Kohli Talking About Test Cricket