വേദനിപ്പിക്കുന്നത് ആ കാര്യം; രാജസ്ഥാന്റെ സീസണിലെ തോല്‍വികളെ കുറിച്ച് വിക്രം റാത്തോര്‍
IPL
വേദനിപ്പിക്കുന്നത് ആ കാര്യം; രാജസ്ഥാന്റെ സീസണിലെ തോല്‍വികളെ കുറിച്ച് വിക്രം റാത്തോര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st May 2025, 3:20 pm

ഐ.പി.എല്‍ 2025ല്‍ നിന്നും സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ആശ്വാസ ജയവുമായാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആറ് വിക്കറ്റിന് ജയിച്ചാണ് തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം റോയല്‍സ് വിജയം നേടിയത്.

പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും കൂട്ടരും പതിനെട്ടാം സീസണിന് വിരാമമിടുന്നത്. 14 മത്സരങ്ങളില്‍ നിന്ന് നാല് വിജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്. മോശം ഫോം കൊണ്ട് ആരാധകരും രാജസ്ഥാന്‍ താരങ്ങളും ഒരു പോലെ മറക്കാന്‍ ആഗ്രഹിക്കുന്ന സീസണായിരുന്നിത്.

സീസണിലെ രാജസ്ഥാന്റെ മോശം പ്രകടനത്തിന്റെ കാരണങ്ങളെ കുറിച്ച് ടീമിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ കഴിഞ്ഞ ദിവസം മത്സരശേഷം സംസാരിച്ചിരുന്നു. ഈ സീസണില്‍ ഫീല്‍ഡിങ്ങില്‍ തങ്ങള്‍ അത്ര മികച്ചതായിരുന്നില്ലെന്നും ബൗളിങ്ങും നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പ്രധാന ബാറ്റര്‍മാരെ നിലനിര്‍ത്തിയതിനാല്‍ ഞങ്ങളുടെ സ്‌ട്രെങ്ത് അവരായിരുന്നുവെന്ന് പരിശീലകന്‍ ചൂണ്ടിക്കാട്ടി. അടുത്ത സീസണിൽ മികച്ച ബാറ്റിങ് യൂണിറ്റുമായി തിരിച്ചെത്തുമെന്നും റാത്തോർ കൂട്ടിച്ചേർത്തു.

‘ഞങ്ങള്‍ ഈ സീസണില്‍ ഫീല്‍ഡിങ്ങില്‍ അത്ര മികച്ചതായിരുന്നില്ല. അതുപോലെ ബൗളിങ്ങിലും മോശം പ്രകടനമായിരുന്നു. മിക്ക മത്സരങ്ങളിലും 10- 15 റണ്‍സ് അധികം വിട്ടുനല്‍കി.

അഞ്ച് പ്രധാന ബാറ്റര്‍മാരെ നിലനിര്‍ത്തിയതിനാല്‍ ഞങ്ങളുടെ സ്‌ട്രെങ്ത് ബാറ്റര്‍മാരായിരുന്നു. ചില മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് മികച്ച തുടക്കങ്ങള്‍ ലഭിച്ചു. പക്ഷെ ജയിക്കാമായിരുന്ന ആ മത്സരങ്ങള്‍ ഞങ്ങള്‍ നഷ്ടപ്പെടുത്തി. അത് വേദനിപ്പിക്കുന്നു.

എന്നാല്‍ ഏറ്റവും മോശമായ സീസണ്‍ അവസാനിച്ചതിനാല്‍ അടുത്ത സീസണില്‍ ഇത് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. അടുത്ത സീസണില്‍ ഞങ്ങള്‍ ശക്തമായ ഒരു ബാറ്റിങ് യൂണിറ്റുമായി എത്തും,’ റാത്തോര്‍ പറഞ്ഞു.

Content Highlight: IPL 2025: Vikram Rathore speaks about the Rajasthan Royals dismissal in IPL 2025