ഐ.പി.എല്ലില്‍ ഇന്നലെ നടന്ന (വ്യാഴം) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ഐ.പി.എല്‍ 2025ല്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് രാജസ്ഥാന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു. സീസണില്‍ മോശം തുടക്കം നേരിട്ടെങ്കിലും തുടര്‍ച്ചയായി ആറ് മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ.
എന്നാല്‍ വിജയത്തിന് പുറമെ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ്. പരിക്കിന്റെ പിടിയിലായതിനാലാണ് 24കാരനായ താരം പുറത്താകാന്‍ കാരണം. യുവ താരത്തിന് പകരക്കാരനായി ലെഗ് സ്പിന്നര്‍ രഘു ശര്‍മയെയാണ് മുംബൈ ടീമിലെത്തിച്ചത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നേടിയ വിഘ്‌നേഷ് മുംബൈക്കായി അഞ്ച് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. പകരക്കാരനായി ടീമിലെടുത്ത രഘു ശര്‍മ, ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനും പോണ്ടിച്ചേരിക്കും വേണ്ടിയാണ് കളത്തിലിറങ്ങിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനൊന്ന് മത്സരത്തില്‍ നിന്ന് 57 വിക്കറ്റുകള്‍ രഘു സ്വന്തമാക്കിയിട്ടുണ്ട്. കളത്തിന് പുറത്തായെങ്കിലും വിഘ്‌നനേഷ് മുംബൈ ടീമിന്റെ കൂടെ തുടരും. പരിക്ക് ഭേദമാവുന്നത് വരെ താരം മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ തുടരുമെന്നും മുംബൈ ഇന്ത്യന്‍സ് അറിയിച്ചു.
മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടനും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. രോഹിത് 36 പന്തില്‍ 53 റണ്‍സ് നേടി പരാഗിന്റെ ഇരയായപ്പോള്‍ റയാന്‍ 38 പന്തില്‍ 61 റണ്‍സും നേടി. ശേഷം ഇറങ്ങിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 23 പന്തില്‍ 48 റണ്‍സ് വീതം നേടി ശക്തമായി തിരിച്ചടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
രാജസ്ഥാന്‍നിരയില്‍ ജോഫ്രാ ആര്‍ച്ചറിനു മാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. 27 പന്തില്‍ 33 റണ്‍സ് ആണ് താരം നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 14 കാരന്‍ വൈഭവ് സൂര്യവംശി ആദ്യ ഓവറിലെ നാലാം പന്തില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ യശസ്വി ജെയ്‌സ്വാള്‍ 13 റണ്‍സ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 16 റണ്‍സിനും കൂടാരം കയറിയതോടെ രാജസ്ഥാനിനെ സമ്മര്‍ദം വരിഞ്ഞുമുറുക്കുകയായിരുന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
സൂപ്പര്‍ പേസറായ ട്രെന്‍ന്റ് ബോള്‍ട്ടിന്റെയും കരണ്‍ ശര്‍മയുടെയും മിന്നും പ്രകടനത്തിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. 2.1 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. കരണ്‍ 4 ഓവറില്‍ 23 റണ്‍സും വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനവും നടത്തി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ദീപക് ചഹറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Content Highlight: IPL 2025: Vignesh Puthur Ruled Out In IPL 2025