തോല്‍വിക്ക് പുറകെ കൊല്‍ക്കത്തയുടെ സൂപ്പര്‍ സ്പിന്നര്‍ക്ക് തിരിച്ചടി!
Sports News
തോല്‍വിക്ക് പുറകെ കൊല്‍ക്കത്തയുടെ സൂപ്പര്‍ സ്പിന്നര്‍ക്ക് തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 2:36 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്.

കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 179 റണ്‍സ് 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയിക്കുകയായിരുന്നു ചെന്നൈ. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നടത്തിയത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് വരുണ്‍ നേടിയത്. ചെന്നൈക്ക് വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്ത അപകടകാരിയായ രവീന്ദ്ര ജഡേജ (19), ഡെവാള്‍ഡ് ബ്രെവിസ് (52) എന്നിവരെയാണ് വരുണ്‍ പുറത്താക്കിയത്.

എന്നാല്‍ ഇതിന് പുറമെ ഒരു തിരിച്ചടിയും താരത്തിന് സംഭവിച്ചിരിക്കുകയാണ്. മത്സരത്തിനിടെ ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരിക്കുകയാണ്. 33 കാരനായ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചിരിക്കുകയാണ്.

ഐ.പി.എല്‍ 2025ലെ 57ാം മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ചെന്നൈയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയതിന് ശേഷം വരുണ്‍ ചക്രവര്‍ത്തി നടത്തിയ ആഘോഷ പ്രകടനമാണ് പിഴ ലഭിക്കാന്‍ വിനയായത്.

‘വരുണ്‍ ചക്രവര്‍ത്തി ഐ.പി.എല്ലിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ലെവല്‍ 1 കുറ്റകൃത്യം സമ്മതിക്കുകയും മാച്ച് റഫറിയുടെ അനുമതി സ്വീകരിക്കുകയും ചെയ്തു,’ ഐ.പി.എല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി 12 മത്സരങ്ങളില്‍ നിന്ന് 329 റണ്‍സ് വഴങ്ങി 17 വിക്കറ്റുകളാണ് താരം നേടിയത്. 3/22 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 19.35 എന്ന ആവറേജിലും 7.00 എക്കോണമിയിലുമാണ് വരുണിന്റെ ബൗളിങ് മികവ്.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും വരുണ്‍ മത്സരത്തില്‍ നേടിയരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും കൊല്‍ക്കത്ത സ്പിന്നര്‍ക്കായി. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന സ്പിന്നര്‍ എന്ന നാഴികക്കല്ലാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. 82 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

Content Highlight: IPL 2025: Varun Chakravarthy fined for violating IPL code of conduct