2025 ഐ.പി.എല്‍ സീസണിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് പടിയിറങ്ങുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് അവശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ഇതോടെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും 10 തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റ് നേടി ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.
സീസണില്‍ ഒരുപാട് തിരിച്ചടികളാണ് രാജസ്ഥാന്‍ കളത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ലേലത്തില്‍ താരങ്ങളെ തെരഞ്ഞെടുത്തതിലെ പോരായ്മകളും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ടീമിന്റെ പരാജയത്തിലേക്ക് നയിച്ചു.
എന്നിരുന്നാലും വമ്പന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാറുള്ള രാജസ്ഥാന് സീസണില്‍ വലിയ പോസറ്റീവായിരുന്നു വൈഭവ് സൂര്യവംശി എന്ന 14കാരന്റെ ഉജ്ജ്വല പ്രകടനം. ഐപി.എല്ലില്‍ നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയ വൈഭവ് അരങ്ങേറ്റ സീസണില്‍ തന്നെ ഏഴ് മത്സരത്തില്‍ നിന്ന് 252 റണ്‍സാണ് നേടിയത്.
101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 36 ആവറേജിലാണ് യുവ താരത്തിന്റെ സ്‌കോറിങ്. മാത്രമല്ല 206.56 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും 18 ഫോറും 24 സിക്‌സുമാണ് താരം നേടിയത്.
സീസണ്‍ അവസാനിക്കുമ്പോള്‍ ഒട്ടനവധി റെക്കോഡുകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച വൈഭവ് ഇപ്പോള്‍ മറ്റൊരു ഇടിവെട്ട് നേട്ടത്തിലും തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഐ.പി.എല്ലിലെ ഒരു സീസണില്‍ 20 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് വൈഭവ് നേടിയത്.
ഈ നേട്ടത്തില്‍ എല്‍.എസ്.ജി ക്യാപ്റ്റന്‍ റിഷബ് പന്തിനൊപ്പമെത്താനും വൈഭവിന് സാധിച്ചിരിക്കുകയാണ്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ മറികടന്നാണ് വൈഭവ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ഐ.പി.എല്ലിലെ ഒരു സീസണില്‍ 20 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, വര്‍ഷം, സിക്‌സര്‍ എന്ന ക്രമത്തില്‍
ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച വൈഭവ് ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി എന്നിങ്ങനെ ഒട്ടനവധി റെക്കോഡുകളാണ് സ്വന്തമാക്കിയത്. പരിക്ക് മൂലം പുറത്തായ സഞ്ജുവിന്റെ പകരക്കാരനായിട്ടായിരുന്നു വൈഭവ് അരങ്ങേറ്റ നടത്തിയത്. എന്നാല്‍ യുവ താരത്തിന്റെ കഴിവ് മനസിലാക്കിയ രാജസ്ഥാന്‍ അടുത്ത സീസണില്‍ താരത്തെ മുന്‍ നിരയിലേക്ക് എത്തിക്കുമെന്നത് ഉറപ്പാണ്.
Content Highlight: IPL 2025: Vaibhav Suryavanshi In Great Record Achievement In IPL 2025