ഇന്ത്യയില്‍ ആര്‍ക്കുമില്ലാത്ത, ഐ.പി.എല്ലില്‍ ആര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം; പൊട്ടുവെച്ച തങ്കക്കുടം രാജസ്ഥാന് നീ മകുടം....
IPL
ഇന്ത്യയില്‍ ആര്‍ക്കുമില്ലാത്ത, ഐ.പി.എല്ലില്‍ ആര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം; പൊട്ടുവെച്ച തങ്കക്കുടം രാജസ്ഥാന് നീ മകുടം....
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st May 2025, 5:16 pm

ഐ.പി.എല്‍ 2025ലെ തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് സീസണിനോട് വിടപറയുകയാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയത്.

14 മത്സരത്തില്‍ നിന്നും നാല് ജയവുമായി എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ നിലവില്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ബാക്കി നില്‍ക്കവെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

പതിവുപോലെ യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയുമടക്കമുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ പതിവിന് വിപരീതമായി ഫിനിഷര്‍മാരായ ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്‌മെയറും ടീമിനെ ഫിനിഷ് ചെയ്യാതെ മത്സരം ഫിനിഷ് ചെയ്തതും ആരാധകര്‍ക്ക് രസമുള്ള കാഴ്ചയായി.

യശസ്വി ജെയ്‌സ്വാള്‍ അടിത്തറയിട്ട ഇന്നിങ്‌സ് രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റനെ ഒപ്പം കൂട്ടി പടുത്തുയര്‍ത്തിയ വൈഭവ് സൂര്യവംശിയാണ് ചെയ്‌സിങ്ങില്‍ രാജസ്ഥാന്‍ നിരയില്‍ നിര്‍ണായകമായത്. രണ്ടാം വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ടാണ് വൈഭവ് – സഞ്ജു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

53 പന്ത് നേരിട്ട് 57 റണ്‍സുമായാണ് സൂര്യവംശി പുറത്തായത്. നാല് സിക്‌സറും നാല് ഫോറും അടക്കം 172.73 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. സീസണില്‍ വൈഭവിന്റെ രണ്ടാം 50+ സ്‌കോറാണിത്.

കരിയറിലെ രണ്ടാം ടി-20 50+ സ്‌കോറാണ് സൂപ്പര്‍ കിങ്‌സിനെതിരെ വൈഭവ് അടിച്ചെടുത്തത്.

ഇതോടെ താരത്തിന്റെ പേര് ഒരു എലീറ്റ് ലിസ്റ്റിലും എഴുതിച്ചേര്‍ക്കപ്പെട്ടു. ടി-20 ഫോര്‍മാറ്റില്‍ ഒന്നിലധികം തവണ 50+ സ്‌കോര്‍ നേടുന്ന അണ്ടര്‍ 16 താരങ്ങളലുടെ പട്ടികയിലേക്കാണ് വൈഭവ് കാലെടുത്ത് വെച്ചത്. ഒറ്റ ഇന്ത്യന്‍ താരമോ ഐ.പി.എല്‍ താരമോ ഈ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കുന്ന U16 താരങ്ങള്‍

(താരം – ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ലൂയീസ് ബ്രൂസ് – ജിബ്രാള്‍ട്ടാര്‍ നാഷണല്‍ ക്രിക്കറ്റ് ടീം – ആറ് തവണ

ഹസന്‍ ഇസായ്ഖില്‍ – ബൂസ്റ്റ് ഡിഫന്‍ഡേഴ്‌സ് (അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര ടീം) – രണ്ട് തവണ

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – രണ്ട് തവണ

ലൂയിസ് ബ്രൂസും ഹസന്‍ ഇസായ്ഖില്‍

സീസണില്‍ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും 252 റണ്‍സാണ് താരം സ്വന്തമാക്കിയത്. 36.00 ശരാശരിയിലും 206.55 സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ച വൈഭവ് ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും സ്വന്തം പേരിന് നേരെ കുറിച്ചിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ 101 റണ്‍സാണ് ടോപ് സ്‌കോര്‍. ഈ പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡാണ് ഇതില്‍ പ്രധാനം.

17ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 35ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. അതും വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കവെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദ് ഖാനെ സിക്‌സറിന് പറത്തിക്കൊണ്ട്!

മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ഐ.പി.എല്ലില്‍ പി.ഒ.ടി.എം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായും വൈഭവ് ചരിത്രം തിരുത്തിയെഴുതിയിരുന്നു.

ഈ സീസണിലെ ഏറ്റവും മികച്ച ഫൈന്‍ഡിങ്ങാണ് വൈഭവിന്റേത്. രാജസ്ഥാനില്‍ നിന്നും അന്താരാഷ്ട്ര ബൗളര്‍മാരെ നേരിട്ട് കളിയടവ് പഠിച്ച് നാഷണല്‍ ടീമില്‍ തിളങ്ങിയ സഞ്ജുവിനെയും യശസ്വി ജെയ്‌സ്വാളിനെയും പോലെ വൈഭവും ഇന്ത്യയുടെ ഭാവി താരമാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: IPL 2025: Vaibhav Suryavanshi enters the list of most 50+ scores for an U16 batter in T20s