ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.
26 പന്ത് ശേഷിക്കവെയായിരുന്നു മുംബൈയുടെ വിജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കരുത്തില്‍ മുംബൈ മറികടക്കുകയായിരുന്നു.
46 പന്ത് നേരിട്ട് 70 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. 19 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് സ്‌കൈ അടിച്ചെടുത്തത്. സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ രോഹിത്തിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ വമ്പന്‍ ഹിറ്റ് ഷോട്ടുകളിലൂടെ രോഹിത് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകരും.
മത്സരത്തില്‍ മുംബൈക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ട്രെന്റ് ബോള്‍ട്ടാണ്. നാല് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. ദീപക് ചഹര്‍ നാല് ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ നേടി മികവ് പുലര്‍ത്തി.
മത്സരശേഷം മുംബൈയുടെ സൂപ്പര്‍ ബൗളര്‍ ട്രെന്റ് ബോള്‍ട്ട് രോഹിത് ശര്‍മയെക്കുറിച്ചും ടീമിനെക്കുറിച്ചും സംസാരിച്ചിരുന്നു. ലോകോത്തര നിലവാരമുള്ള കളിക്കാര്‍ മുംബൈക്ക് ഉണ്ടെന്ന് ബോള്‍ട്ട് പറഞ്ഞു. രോഹിത് ശര്‍മയ്ക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലെന്നും ടീമിന് വേണ്ടി ഇനി നിര്‍ണായക പങ്ക് വഹിക്കാന്‍ രോഹിത്തിന് സാധിക്കുമെന്നും ബോള്‍ട്ട് പറഞ്ഞു.
‘ലോകോത്തര നിലവാരമുള്ള കളിക്കാരാണ് മുംബൈ ഇന്ത്യന്‍സിലുള്ളത്. തീര്‍ച്ചയായും രോഹിത്തിന് ആമുഖം ആവശ്യമില്ല. എല്ലാവരും ചില ഘട്ടങ്ങളില്‍ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, രോഹിത് സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ശരിയായ സമയത്ത് നന്നായി കളിക്കുകയും ചെയ്യുന്നു. അതിനാല്‍ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി നിര്‍ണായക പങ്ക് വഹിക്കും. ഏത് റോളിനും നിങ്ങള്‍ തയ്യാറായിരിക്കും,’ ബോള്‍ട്ട് പറഞ്ഞു.