| Thursday, 22nd May 2025, 7:25 pm

88 - 88 - 88!!! ഒരുത്തന്റെ വെടിക്കെട്ട് അവസാനിച്ചു, ഒന്നാം സ്ഥാനത്തേക്ക് തുല്യശക്തികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍ ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം സ്വന്തമാക്കിയത്.

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം പിടിച്ചടക്കിയത്. 43 പന്ത് നേരിട്ട് ഏഴ് ഫോറും നാല് സിക്‌സറുമടക്കം 169.77 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 73 റണ്‍സാണ് സ്‌കൈ നേടിയത്. കളിയിലെ താരവും സൂര്യ തന്നെയായിരുന്നു.

ദല്‍ഹിക്കെതിരായ 11 ബൗണ്ടറികള്‍ക്ക് പിന്നാലെ ഈ സീസണില്‍ ഏറ്റവുമധികം ബൗണ്ടറി നേടിയ താരങ്ങളുടെ പട്ടികയിലും സൂര്യ ഒന്നാമതെത്തി. സിക്‌സറും ഫോറുമായി 88 തവണയാണ് സ്‌കൈ പന്ത് അതിര്‍ത്തിവര കടത്തിയത്.

ഈ ലിസ്റ്റില്‍ സ്‌കൈ ഒറ്റയ്ക്കല്ല, 88 വീതം ബൗണ്ടറികളുമായി ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും രാജസ്ഥാന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളും കൂട്ടിനുണ്ട്.

ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരം

88 – സൂര്യകുമാര്‍ യാദവ് – മുംബൈ ഇന്ത്യന്‍സ്

88 – സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ്

88 – യശസ്വി ജെയ്‌സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ്

അതേസമയം, ക്യാപ്പിറ്റല്‍സിനെതിരായ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സ്‌കൈ സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ഏറ്റവുമധികം മത്സരങ്ങളില്‍ 25+ റണ്‍സ് നേടുന്ന താരമായാണ് സൂര്യ റെക്കോഡിട്ടത്. ഐ.പി.എല്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ടി-20 മാച്ചുകളും താരങ്ങളും അടങ്ങിയ പട്ടികയിലാണ് സ്‌കൈ ഒന്നാമനായി ഇടം നേടിയത്.

ദല്‍ഹിക്കെതിരായ മത്സരമടക്കം ഈ സീസണില്‍ മുംബൈയ്ക്കായി കളത്തിലിറങ്ങിയ എല്ലാ മാച്ചിലും സ്‌കൈ 25 റണ്‍സിലധികം നേടിയിരുന്നു.

ടി-20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മത്സരങ്ങളില്‍ 25+ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 13*

തെംബ ബാവുമ – 13

കൈല്‍ മയേഴ്സ് – 11

ക്രിസ് ലിന്‍ – 11

കുമാര്‍ സംഗക്കാര – 11

ജാക്വസ് റുഡോള്‍ഫ് – 11

ബ്രാഡ് ഹോഡ്ജ് – 11

സീസണില്‍ മുംബൈയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയതും സൂര്യയാണ്. 13 മത്സരത്തില്‍ നിന്നും 72.88 ശരാശരിയില്‍ 583 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഓറഞ്ച് ക്യാപ്പ് വേട്ടയില്‍ നിലവില്‍ മൂന്നാമനാണ് സ്‌കൈ.

Content Highlight: IPL 2025: Suryakumar Yadav tops the list of most boundaries in IPL 2025

Latest Stories

We use cookies to give you the best possible experience. Learn more