ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു.
മുംബൈ ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.
സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്. 39പന്ത് നേരിട്ട താരം ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 57 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ സീസണില്‍ 600 റണ്‍സ് മാര്‍ക്ക് പിന്നിടാനും സൂര്യകുമാറിന് സാധിച്ചു.
ഈ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം, ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം തുടങ്ങി നിരവധി റെക്കോഡുകള്‍ താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇവിടംകൊണ്ടും സൂര്യയുടെ റെക്കോഡുകളുടെ ലിസ്റ്റ് അവസാനിക്കുന്നില്ല.
ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ട് വിവിധ സീസണുകളില്‍ 600 റണ്‍സ് സ്വന്തമാക്കുന്ന ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ നോണ്‍ ഓപ്പണര്‍ എന്ന റെക്കോഡ് നേട്ടമാണ് ഇതില്‍ പ്രധാനം. ഈ സീസണിന് പുറമെ 2023ലാണ് സൂര്യ 600 റണ്‍സ് മാര്‍ക് പിന്നിട്ടത്.
2023ല്‍ 16 ഇന്നിങ്‌സില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം 43.21 ശരാശരിയില്‍ 605 റണ്‍സാണ് താരം അടിച്ചെടുത്തത്. 181.13 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. 400ലധികം റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും സൂര്യയുടേത് തന്നെയായിരുന്നു.
ഇതിന് പുറമെ രണ്ട് വിവിധ സീസണുകളില്‍ 160.00 സ്‌ട്രൈക്ക് റേറ്റില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത് മാത്രം ബാറ്റര്‍ എന്ന റെക്കോഡും സൂര്യ സ്വന്തമാക്കി. ക്രിസ് ഗെയ്ല്‍ മാത്രമാണ് ഇതിന് മുമ്പ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് പിന്നാലെ മുംബൈ എലിമിനേറ്റര്‍ കളിക്കുന്ന ആദ്യ ടീമായും മാറി. ഇന്ന് നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന്റെ ജയപരാജയങ്ങള്‍ അനുസരിച്ചാകും മുംബൈയുടെ എതിരാളികള്‍ ആരെന്ന് വ്യക്തമാവുക.
ലഖ്‌നൗവിനെതിരെ ബെംഗളൂരു വിജയിക്കുകയോ മത്സരം ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ആര്‍.സി.ബി ആദ്യ ക്വാളിഫയറിന് യോഗ്യത നേടുകയും ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനൊപ്പം എലിമിനേറ്റര്‍ കളിക്കുകയും ചെയ്യും.