ആറും അറുന്നൂറും! ട്രിപ്പിള്‍ റെക്കോഡുമായി സ്‌കൈ
IPL
ആറും അറുന്നൂറും! ട്രിപ്പിള്‍ റെക്കോഡുമായി സ്‌കൈ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 10:43 pm

ആദ്യ ക്വാളിഫയറിലെ സ്ഥാനമുറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 185 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്.

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്. 36 പന്ത് നേരിട്ട താരം 57 റണ്‍സടിച്ചാണ് മടങ്ങിയത്. ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 146.15 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഈ ഇന്നിങ്‌സിന് പിന്നാലെ സീസണിലെ 600 മാര്‍ക്ക് പിന്നിടാനും സൂര്യയ്ക്കായി. 14 മത്സരത്തില്‍ നിന്നും 71.11 ശരാശരിയിലും 167.97 സ്‌ട്രൈക്ക് റേറ്റിലും 640 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്. ഈ സീസണില്‍ 600 മാര്‍ക്ക് പിന്നിടുന്ന മൂന്നാമത് താരമാകാനും ഇതോടെ സൂര്യയ്ക്കായി.

ഇതിനൊപ്പം രണ്ട് തകര്‍പ്പന്‍ റെക്കോഡുകളും സൂര്യ സ്വന്തമാക്കി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മുംബൈ ഇന്ത്യന്‍സ് താരമെന്ന റെക്കോഡാണ് ഇതില്‍ പ്രധാനം. 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയ 618 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന മുംബൈ ഇന്ത്യന്‍സ് താരമെന്ന റെക്കോഡാണ് സൂര്യയുടെ പേരില്‍ കുറിക്കപ്പെട്ട രണ്ടാമത് നേട്ടം. ഈ സീസണില്‍ 32ാം സിക്‌സറാണ് താരം അടിച്ചെടുത്തത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ മുംബൈ ഇന്ത്യന്‍സ് താരം

(താരം – സീസണ്‍ – സിക്‌സര്‍ എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 2025 – 32*

സനത് ജയസൂര്യ – 2008 – 31

ഇഷാന്‍ കിഷന്‍ – 2020 – 30

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് റിയാന്‍ റിക്കല്‍ടണും രോഹിത് ശര്‍മയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ആറാം ഓവറിലെ ആദ്യ പന്തില്‍ റിക്കല്‍ടണെ മടക്കി മാര്‍ക്കോ യാന്‍സെന്‍ ആദ്യ രക്തം ചിന്തി. 20 പന്തില്‍ 27 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അധികം വൈകാതെ രോഹിത് ശര്‍മയെയും ടീമിന് നഷ്ടമായി. 21 പന്ത് നേരിട്ട് 24 റണ്‍സ് മാത്രമാണ് താരം നേടിയത്. പിന്നാലെയെത്തിയ തിലക് വര്‍മ നാല് പന്തില്‍ ഒറ്റ റണ്‍സുമായി തിരിച്ചുനടന്നു.

സൂര്യകുമാര്‍ യാദവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കവെ വില്‍ ജാക്‌സിനെ മടക്കി വൈശാഖ് വിജയ് കുമാര്‍ അടുത്ത ബ്രേക് ത്രൂ സമ്മാനിച്ചു. എട്ട് പന്തില്‍ 17 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

സൂര്യയ്‌ക്കൊപ്പം ചെറുത്തുനിന്ന ഹര്‍ദിക് പാണ്ഡ്യയെയും നമന്‍ ധിറിനെയും പഞ്ചാബ് മടക്കി. പാണ്ഡ്യ 15 പന്തില്‍ 26 റണ്‍സും നമന്‍ ധിര്‍ 12 പന്തില്‍ 20 റണ്‍സും നേടി മടങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ മുംബൈ 184ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സെന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ്. 19 പന്തില്‍31 റണ്‍സുമായി ജോഷ് ഇംഗ്ലിസും 19 പന്തില് 36 റണ്‍സുമായി പ്രിയാന്‍ഷ് ആര്യയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്റ്റോയ്‌നിസ്, മാര്‍കോ യാന്‍സെന്‍, ഹര്‍പ്രീത് ബ്രാര്‍, കൈല്‍ ജാമൈസണ്‍, വൈശാഖ് വിജയ് കുമാര്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: Suryakumar surpassed Sachin Tendulkar to become most runs for Mumbai Indians in a season