ജീവന്‍ മരണ പോരാട്ടത്തില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഹൈദരാബാദ്; ഇറക്കാന്‍ പോകുന്നത് അടുത്ത ജഡേജയെ!
2025 IPL
ജീവന്‍ മരണ പോരാട്ടത്തില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഹൈദരാബാദ്; ഇറക്കാന്‍ പോകുന്നത് അടുത്ത ജഡേജയെ!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th May 2025, 2:21 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസ്‌ഴ്‌സ് ഹൈദരാബാദ് ദല്‍ഹി ക്യാപിറ്റല്‍സിനെയാണ് നേരിടുന്നത്. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. പുറത്താകലിന്റെ വക്കിലുള്ള ഹൈദരാബാദിന് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വലിയ മാര്‍ജിന് വിജയം നേടേണ്ടതുണ്ട്.

നിലവില്‍ പോയിന്റ് ടോബിളില്‍ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ ഒമ്പതാം സ്ഥാനത്താണ് ഹൈദരാബാദ്. അതേസമയം 10 മത്സരത്തില്‍ നിന്ന് ആറ് വിജയവും നാല് തോല്‍വിയുമായി അഞ്ചാം സ്ഥാനത്തിള്ള ദല്‍ഹിക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. എന്നാല്‍ ഡു ഓര്‍ ഡൈ മാച്ചില്‍ ഹൈദരാബാദ് വലിയ മാറ്റത്തിനാണ് ഒരുങ്ങുന്നത്.

പരിക്കേറ്റ ഹൈദരാബാദ് ഓള്‍ റൗണ്ടര്‍ സ്മരണ്‍ രവിചന്ദ്രന് പകരക്കാരനായി ഹര്‍ഷ് ദുബെയെ ടീമിലെത്തിച്ചിരിക്കുകയാണ് ഹൈദരാബാദ്. 2025 ഐ.പി.എല്ലില്‍ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് വേണ്ടിയാണ് ദുബെ കളിക്കുന്നത്.

16 ടി-20 മത്സരങ്ങളിലും, 20 ലിസ്റ്റ് എ മത്സരങ്ങളിലും, 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചിട്ടുള്ള ഹര്‍ഷ് ദുബെ 127 വിക്കറ്റുകളും 941 റണ്‍സും നേടിയിട്ടുണ്ട്. അരങ്ങേറ്റമത്സരത്തില്‍ കളത്തിലിറങ്ങിയാല്‍ താരത്തിന് കഴിവ് തെളിയിക്കാന്‍ കഴിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്.

രവീന്ദ്ര ജഡേജയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച ഓള്‍ റൗണ്ട പ്രകടനം നടത്താന്‍ സാധിക്കുന്ന താരമാണ് ഹര്‍ഷ് ദുബെയെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇരു കൂട്ടര്‍ക്കും നിര്‍ണായകമായ മത്സരം കാണാന്‍ ആരാധകരും ഏറെ ആവേശത്തിലാണ്.

ഐ.പി.എല്‍ മുറുകമ്പോള്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ബെംഗളൂരുവിന്. തൊട്ട് പുറകെ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Content Highlight: IPL 2025: Sunrisers Hyderabad Make Big Change Against Delhi Capitals